ഹരിതകേരളം പദ്ധതിക്ക് ഇന്നു തുടക്കം: ജനകീയ ഉത്സവത്തിന് നാടൊരുങ്ങി

കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിക്ക് ഇന്ന് തുടക്കമാകും. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനകീയോത്സവമായി ആഘോഷമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുങ്ങി.
വ്യാഴാഴ്ച രാവിലെ 8.30ന് പാറശാല കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞാറ് നട്ട് പദ്ധതിക്ക് തുടക്കംകുറിക്കും. യേശുദാസ്, മഞ്ജുവാര്യര്‍, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ തുടങ്ങിയ പ്രമുഖരും നടീല്‍ ഉത്സവത്തില്‍ പങ്കാളികളാകും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും ഇന്നു ഹരിതകേരളം പദ്ധതി തുടങ്ങാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മിഷനുമായി ബന്ധപ്പെട്ട ശുചിത്വം, ജലസംരക്ഷണം, കൃഷി എന്നീ മേഖലകളിലുള്ള ഏതെങ്കിലും ഒരു ദൗത്യത്തിനെങ്കിലും ഇന്ന് ഓരോ വാര്‍ഡും തുടക്കം കുറിക്കണം എന്നാണു നിര്‍ദേശം. ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി, ജലസംരക്ഷണ, വികസന, ശുചിത്വപ്രവര്‍ത്തനങ്ങളാണു വിഭാവനം ചെയ്യുന്നത്. മനുഷ്യനെ ആശ്രയിച്ചാണു ഭൂമിയുടെ നിലനില്‍പെന്നിരിക്കെ, ഈ പരിസ്ഥിതി, ജലസംരക്ഷണ ദൗത്യങ്ങള്‍ക്കുള്ള പ്രസക്തി ചെറുതല്ല.
ഹരിതകേരളം മിഷന്റെ ആദ്യഘട്ടമായി കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍ എന്നിവ വീണ്ടെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മഴവെള്ള സംഭരണം, മഴക്കുഴികളുടെ നിര്‍മാണം, കിണറുകളുടെ റിചാര്‍ജിങ് എന്നിവയ്ക്കു പ്രാധാന്യം നല്‍കും. ദൗത്യത്തിന്റെ ഭാഗമായി പതിനായിരം കുളങ്ങള്‍ നവീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്ന ജലജാഗ്രതയ്ക്കു തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. മഴക്കുഴികള്‍ വിപുലമായി സ്ഥാപിക്കുക, തടയണ കെട്ടുക തുടങ്ങി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള നടപടികളാണ് ഇതോടൊപ്പം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എത്ര കടുത്ത വേനലിലും വറ്റാത്ത വലിയ കുളങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇവയൊക്കെ നവീകരിച്ചു സംരക്ഷിച്ചാല്‍ കേരളത്തിന്റെ ഏറ്റവും വലിയ ജലനിധിയായിരിക്കും വീണ്ടും നമ്മുടെ കയ്യിലെത്തുക.
വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരങ്ങളാണു കേരളത്തിന്റെ മുന്നിലുള്ള അഴിയാക്കുരുക്കുകളിലൊന്ന്. മാലിന്യത്തോതു പലമടങ്ങായി വര്‍ധിക്കുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനം അതിഗുരുതരമായ ആരോഗ്യപ്രശ്‌നത്തെയാണു നേരിടാന്‍ പോവുന്നത്. അതുകൊണ്ടുതന്നെ ശുചിത്വകേരളത്തിലേക്കുള്ള പടവുകള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഏറ്റവും മുന്തിയ പരിഗണന ആവശ്യപ്പെടുന്നു. വീട്ടിലും നാട്ടിലും ശുചിത്വപരിപാടികള്‍ നടപ്പാക്കി മാലിന്യനിര്‍മാര്‍ജനം ജനകീയപ്രസ്ഥാനമാക്കാന്‍ ഇനിയെങ്കിലും നമുക്കു
കഴിയണം. ഇതുവരെയുള്ള പരിപാടികള്‍ വിജയിക്കാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി കുറവുകള്‍ പരിഹരിച്ചു സമഗ്രപദ്ധതി എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സമുചിതമായ സാങ്കേതികവിദ്യകളും കണ്ടെത്തണം. നമ്മുടെ മണ്ണും വെള്ളവും വായുവും ഇനിയെങ്കിലും മലിനമാകാതെ നോക്കാന്‍ ഉറച്ച നടപടികള്‍ക്കേ കഴിയൂ.
കൃഷിയുടെ 50 ശതമാനവും ജൈവകൃഷിയാക്കാന്‍ പശ്ചാത്തലമൊരുക്കുന്നതാണു മിഷന്റെ മറ്റൊരു ലക്ഷ്യം. വിഷലിപ്തമായ ഭക്ഷ്യവിളകളാണു നമ്മുടെ സംസ്ഥാനം നേരിടുന്ന കടുത്ത ഭീഷണികളിലൊന്ന്. പൊതുജനാരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനം ഉറപ്പാക്കി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കൃഷിയില്‍ നിന്നകന്നുപോകുന്ന യുവതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും ജൈവകൃഷിക്കു കഴിയും. കേരളത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള ഭക്ഷ്യവിളകളുടെ ഉല്‍പാദനത്തില്‍ ജൈവകൃഷിക്കുള്ള അനന്തസാധ്യതകള്‍ കാണാതിരിക്കരുത്. മഹാരാഷ്ട്രയും ഒഡീഷയും ഉത്തരാഖണ്ഡുമൊക്കെ ജൈവകൃഷി മേഖലയില്‍ നേടിയ കുതിപ്പ് നമ്മുടെ മുന്നിലുണ്ടാവുകയും വേണം.
ശുചീകരണം, കാര്‍ഷികവികസനം, ജലസംരക്ഷണം എന്നിവയാണ് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ പദ്ധതിയിലുള്‍പ്പെടാത്ത പ്രത്യേക പദ്ധതികളോ ഏറ്റെടുക്കാം. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പദ്ധതിയില്‍ പങ്കാളികളാകും. സ്‌കൂളുകള്‍ പച്ചക്കറിത്തോട്ട നിര്‍മാണവും കുടിവെള്ളസ്രോതസ്സ് ശുചീകരണവും ഏറ്റെടുത്ത് നടപ്പാക്കും. സ്‌കൂള്‍ അസംബ്‌ളികളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മിഷന്‍പ്രവര്‍ത്തനങ്ങളുടെ സന്ദേശം നല്‍കും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കും. ഗ്രാമീണമേഖലയില്‍ കനാലുകള്‍, തോടുകള്‍ എന്നിവ ശുചീകരിക്കുന്നതിനാണ് മുന്‍ഗണന.
മന്ത്രിമാര്‍ അവരവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കും. എംഎല്‍എമാര്‍, പൌരപ്രമുഖര്‍, സാംസ്‌കാരികനായകര്‍ തുടങ്ങിയവര്‍ ജനകീയസംരംഭത്തില്‍ പങ്കാളികളാകും.
https://www.facebook.com/Malayalivartha