പ്രേമിച്ചു വഞ്ചിച്ച മലയാളി യുവാവിനെ യുവതി ഹോട്ടല്‍മുറിയില്‍ തീയിട്ടു കൊന്നു

പ്രണയച്ചതിയുടെ അവസാനം. മലയാളി യുവാവിനെ ഹോട്ടല്‍മുറിയില്‍ തീയിട്ടു കൊന്ന കേസില്‍, മൈസൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനി അറസ്റ്റില്‍. മജസ്റ്റിക് റെയില്‍വേ പ്ലാറ്റ്‌ഫോമിലെ കന്റീന്‍ ജീവനക്കാരനായ കണ്ണൂര്‍ കണ്ണവം എടയാര്‍ മുനീസ മന്‍സിലില്‍ മന്‍സീറിനെ (21) കൊലപ്പെടുത്തിയ കേസിലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ശ്രുതിയെ (21) കോട്ടണ്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് ആണ് മന്‍സീര്‍ കൊല്ലപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതിനു പ്രതികാരമായാണു കൊലപാതകം നടത്തിയതെന്ന് ശ്രുതി പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പഠനത്തിനിടയിലും ലാല്‍ബാഗ് റോഡിലെ ലാബില്‍ ജോലി ചെയ്തുവരികയായിരുന്ന ശ്രുതി ജാലഹള്ളിയില്‍ പേയിങ് ഗെസ്റ്റായാണു താമസിച്ചിരുന്നത്.
ശ്രുതിയുമായി മൂന്നു വര്‍ഷത്തോളം മന്‍സീര്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 28ന് പകല്‍ പതിനൊന്നരയോടെ ഇരുവരും ചേര്‍ന്നാണു മജസ്റ്റിക്കിനു സമീപം ഹോട്ടലില്‍ മുറിയെടുത്തത്. ഉറക്കഗുളിക കലര്‍ത്തിയ ജ്യൂസ് നല്‍കി മന്‍സീറിനെ മയക്കിക്കിടത്തിയ ശേഷമാണ് കിടക്കയ്ക്കു തീയിട്ടത്. തുടര്‍ന്ന് ശ്രുതിയും ഉറക്കഗുളികകള്‍ കഴിച്ചെങ്കിലും, തീപടര്‍ന്നുപിടിക്കുന്നതിനിടെ ചൂട് സഹിക്കാന്‍ വയ്യാതെ പുറത്തിറങ്ങിയ ശേഷം തളര്‍ന്നുവീണു. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനൊടുക്കാനായി ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് ശ്രുതി ആദ്യം മൊഴി നല്‍കിയത്. മൂന്നു ദിവസത്തിനുശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha