ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല ;കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ഇനിയും വൈകും, ജീവനക്കാര്‍ പ്രതിസന്ധിയില്‍

കൂനില്‍മേല്‍ കുരു എന്ന അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. എന്തുചെയ്യണമെന്ന് ആര്‍ക്കും പിടികിട്ടാത്ത അവസ്ഥ.സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇനിയും വൈകും. ഫെഡറല്‍ ബാങ്ക് അടക്കമുള്ള ബാങ്കുകളെ വായ്പയ്ക്കായി അധികൃതര്‍ സമീപിച്ചെങ്കിലും ഒരു തീരുമാനമായിട്ടില്ല. രണ്ടുമാസമായി പെന്‍ഷന്‍ വിതരണവും മുടങ്ങിയിരിക്കുകയാണ്.
ഇന്ധന കുടിശികയിനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ(ഐ.ഒ.സി.)നും ഭീമമായ തുക നല്‍കാനുണ്ട്. പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 230 കോടി രൂപയാണ് ആവശ്യം. അടുത്ത ആഴ്ചയ്ക്കു മുമ്പായി പണം നല്‍കിയില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തി വയ്ക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല സീസണില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതു കടുത്തപ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതിനിടെ, ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘടനകള്‍ ഇന്നു കരിദിനമാചരിക്കും.
ഇന്ധന കുടിശിക തീര്‍ക്കാനും പെന്‍ഷന്‍ വിതരണത്തിനുമായി കാനറാ ബാങ്കില്‍നിന്ന് 100 കോടി വായ്പയെടുക്കാന്‍ ഈമാസമാദ്യം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ബാങ്ക് ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. ഇതിനു പുറമെയാണു ശമ്പളം നല്‍കാന്‍ പുതിയ വായ്പയ്ക്കായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചത്. എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്കുകള്‍ ഇനിയും സഹകരിക്കാന്‍ തയ്യാറാകില്ലെന്നാണു സൂചന. എല്ലാ മാസവും മൂന്നാം തൊഴില്‍ ദിനമാണു ശമ്പളം നല്‍കേണ്ടത്. ഒക്‌ടോബറില്‍ ഇത് ഏഴാം ദിവസവും നവംബറില്‍ അഞ്ചാം ദിവസവുമായി വൈകിയിരുന്നു. ഒരുമാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ യാഥാക്രമം 80 കോടി രൂപയും 57.5 കോടി രൂപയും വേണം. എം പാനലുകാരടക്കം ആകെ 44,000 ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയിലുണ്ട്. പെന്‍ഷന്‍കാരുടെ എണ്ണം 37,500 വരും.
അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവിന്റെ മറവില്‍ വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. ലാഭമുള്ള സര്‍വീസുകള്‍ പോലും ഇത്തരത്തില്‍ നിര്‍ത്തിയിട്ടുണ്ട്. ചില സ്വകാര്യ ബസുകള്‍ക്കു വേണ്ടിയാണ് ഈ നടപടിയെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha