ഇനി മഴ ഉണ്ടാവില്ല; കാത്തിരിക്കാം കടലിലെ ചുഴലിക്കാറ്റിനെ

തുലാവര്‍ഷം കഴിഞ്ഞതോടെ സംസ്ഥാനത്തെ മഴയുടെ തോത് വളരെയധികം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സംസ്ഥാനത്ത് 63 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കുറവ് കോഴിക്കോട്ടും കാസര്‍ഗോട്ടുമാണ്. ഇനി ഇക്കൊല്ലം മഴ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടുവരുന്ന ചുഴലി കൊടുങ്കാറ്റ് കേരള തീരത്ത് മഴ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.
കാല്‍നൂറ്റാണ്ടിനുള്ളില്‍ ഏറ്റവും കുറഞ്ഞ തോതിലുള്ള മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള രണ്ടുമാസത്തില്‍ സാധാരണ ലഭിക്കേണ്ടതിനെ അപേക്ഷിച്ച് 63 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 443.3 മില്ലീമീറ്റര്‍ മഴയാണ് ഈ സീസണില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, കിട്ടിയത് 163.1 മില്ലീമീറ്ററും. ഇതില്‍ ഏറ്റവും കുറവ് മഴ കിട്ടിയത് കോഴിക്കോട്ടാണ്. ഇവിടെ 87 ശതമാനമാണ് കുറവ്. 392.2 മില്ലീമീറ്റര്‍ മഴയ്ക്കു പകരം ലഭിച്ചത് 51.3 മില്ലീമീറ്റര്‍ മാത്രം. തൊട്ടടുത്ത് കാസര്‍ഗോഡാണ്. 319.5 മില്ലീമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചത് 45.5 മില്ലീമീറ്റര്‍ മാത്രം.
തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 90.6 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഇവിടെ കിട്ടിയത്. ലഭിക്കേണ്ടിയിരുന്നത് 460 മില്ലീമീറ്ററും. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ രണ്ടുമാസങ്ങളില്‍ താരതമ്യേന മഴ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ 27 ശതമാനവും കൊല്ലത്ത് 34 ശതമാനവും എറണാകുളത്ത് 38 ശതമാനവുമാണ് മഴയുടെ കുറവ്. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, പാലക്കാട്, തുശൂര്‍, വയനാട് ജില്ലകളില്‍ 70 ശതമാനത്തിലേറെയാണ് മഴയുടെ കുറവ്.
ഈവര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ മഞ്ഞുവീഴ്ചയും തണുപ്പും എത്തിയിരുന്നു. തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ഇനി ഉണ്ടാവില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലി കൊടുങ്കാറ്റ് എത്തിയാല്‍ അടുത്ത ആഴ്ച വടക്കന്‍ ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പറയുന്നത്. ആന്ധ്ര തീരം കേന്ദ്രീകരിച്ചാണ് ചുഴലി രൂപം കൊള്ളുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈ തീരത്ത് ചുഴലി കൊടുങ്കാറ്റ് എത്തിയതിനെത്തുടര്‍ന്ന് പാലക്കാട്, എറണാകുളം, തുശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കടലില്‍ രൂപം കൊള്ളുന്ന ചുഴലികൊടുങ്കാറ്റ് മൂലമല്ലാതെ ഇനി സംസ്ഥാനത്ത് മഴ കിട്ടാന്‍ സാധ്യതയില്ല. സംസ്ഥാനത്ത് കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതുകാരണം ഇത്തവണ വരള്‍ച്ച അതി രൂക്ഷമായിരിക്കും. മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കിണറുകളില്‍ ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha