എല്ലാ കര്‍ഷകര്‍ക്കും കൃഷിവകുപ്പ് പാന്‍കാര്‍ഡ് നല്‍കുന്നു

സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും പാന്‍കാര്‍ഡ് നല്‍കാന്‍ കൃഷിവകുപ്പ് ഒരുങ്ങുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാനും, കൃഷി ഉപജീവനമാക്കിയ കര്‍ഷകരെ മാത്രം സഹായിക്കുന്നതിനുമാണ് ഈ പദ്ധതി. 2017ല്‍ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും പാന്‍കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ദേശസാല്‍കൃത ബാങ്കുകളുടെ പ്രതിനിധികളുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം 31നു മുന്‍പ് നടപ്പാക്കാനും തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ വില്ലേജുകളിലെ കര്‍ഷകര്‍ക്കായിരിക്കും ആദ്യഘട്ട പാന്‍കാര്‍ഡ് വിതരണം നടത്തുക.
സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതോടെ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രകൃതി ദുരന്തങ്ങളിലും മറ്റും കൃഷിക്ക് നാശനഷ്ടമുണ്ടാകുമ്പോള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനാവുമോ എന്ന ചിന്തയാണ് പുതിയ പദ്ധതിയിലേക്ക് വഴിതെളിച്ചത്.
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ സ്വാഭാവികമായും ബാങ്കുകളില്‍ നിന്ന് കൃഷിക്കായി എടുക്കുന്ന വായ്പകള്‍ മാത്രമേ ഉള്‍പ്പെടൂകയുള്ളൂ. എന്നാല്‍, കേരളത്തിന്റെ നിലവിലെ സാഹചര്യം അനുസരിച്ച് (കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, ആഗോള താപനം) കൃഷി പൂര്‍ണ്ണമായി നശിക്കുകയോ, വിളവ് കുറയുകയോ ചെയ്യുന്നുണ്ട്. ഇത് മൂലം കര്‍ഷകര്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ അടയ്ക്കാന്‍ കഴിയാതെ വരികയാണ്. മക്കളുടെ കല്യാണം, കുട്ടികളുടെ പഠനം, ചികിത്സ തുടങ്ങിയവയ്ക്കാണ് കര്‍ഷകര്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളത്. ഈ വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യാ വക്കിലാണ്. ഇത്തരം വായ്പകള്‍ കൂടി പരിഗണിച്ച്, കര്‍ഷകരുടെ എല്ലാ കടങ്ങള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതു വഴി അനര്‍ഹരും കടന്നുകൂടുമെന്ന് കണ്ടാണ്, കൃഷി മാത്രം ജീവനോപാധിയാക്കിയിട്ടുള്ള കര്‍ഷകര്‍ക്ക് പാന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്
.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, ബിസിനസ്സുകാര്‍, മറ്റു രീതികളില്‍ ധനാഗമ മാര്‍ഗമുള്ളവര്‍ തുടങ്ങിയവരും കൃഷി ചെയ്യുന്നുണ്ടെന്ന വ്യാജേന കാര്‍ഷിക വായ്പകള്‍ തരപ്പെടുത്തുന്നുണ്ട്. ഇതൊഴിവാക്കാന്‍ കൂടിയാണ് പാന്‍കാര്‍ഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അതതു പ്രദേശങ്ങളിലെ കൃഷി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യഥാര്‍ഥ കര്‍ഷകരെ കണ്ടെത്തുക. സ്ഥിരമായി കൃഷി ചെയ്യുന്നുണ്ടോ, എത്ര വര്‍ഷമായി കൃഷി ചെയ്യുന്നുണ്ട്, ഏതു കൃഷിയാണ് നടത്തുന്നത്, കൂട്ടു കൃഷിയാണോ, എത്ര ഏക്കറിലാണ് കൃഷി നടത്തുന്നത്, വിളകള്‍ ലഭിക്കുന്നതിന്റെ തോത്, സ്ഥലത്തിന്റെ പ്രത്യേകത എന്നിവയാണ് കൃഷി ഓഫീസര്‍മാര്‍ പരിശോധിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. വകുപ്പ് തയ്യാറാക്കുന്ന അന്തിമപട്ടിക മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് ബാങ്കുകളുമായി സഹകരിച്ച് പാന്‍കാര്‍ഡ് നല്‍കും.
സംസ്ഥാനത്ത് കൃഷി ഉപജീവനമാക്കിയവരുടെ എണ്ണവും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് നിഗമനം. പാന്‍ കാര്‍ഡ് നല്‍കുന്നതു സംബന്ധിച്ച് എസ്.ബി.ഐ, എസ്.ബി.ടി, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഐ.ഒ.ബി, കോര്‍പ്പറേഷന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയുമായി ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha