നോട്ടു റദ്ദാക്കല്‍ വിവരം ആദ്യം ചോര്‍ന്നത് തിരുവനന്തപുരത്ത് നിന്ന്

വിവരം ചോര്‍ന്നിരുന്നുവെന്ന സംശയം ബലപ്പെടുന്നു. നോട്ടുകള്‍ നശിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് സാധ്യത ആരാഞ്ഞത് ഒക്ടോബര്‍ 20ന് കണ്ണൂരിലെ വ്യവസായിയോട്
നോട്ടുറദ്ദാക്കല്‍ ബിജെപി നേതൃത്വത്തില്‍ നിന്നും കോര്‍പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും മുന്‍കൂട്ടി ചോര്‍ന്നു കിട്ടിയതിനൊപ്പം റിസര്‍വ്വ് ബാങ്ക് തന്നെ ഇക്കാര്യം ചോര്‍ത്തി നല്‍കിയതായി സൂചന.
തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്കിന്റെ സംസ്ഥാന ആസ്ഥാനത്തുനിന്നും ഒക്ടോബര്‍ 20ന് തന്നെ കണ്ണൂരിലെ വന്‍ വ്യവസായിയും വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിന്റെ ഉടമയുമായ പി കെ മായന്‍ മുഹമ്മദിന് നോട്ട് റദ്ദാക്കല്‍ വിവരം ലഭിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. മായന്‍ മുഹമ്മദ് തന്നെയാണ് ഇക്കാര്യം ഇവിടെ നടത്തിയ ബിസിനസ് സന്ദര്‍ശനത്തിനിടയില്‍ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ 'ഗള്‍ഫ് ന്യൂസി'നോട് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. 500 ന്റെയും 1000 ന്റെയും കറന്‍സികള്‍ റദ്ദാക്കിക്കൊണ്ടുളള പ്രധാനമന്ത്രി മോഡിയുടെ പ്രഖ്യാപനമുണ്ടായത് നവംബര്‍ 8ന് രാത്രിയായിരുന്നു.
റിസര്‍വ്വ് ബാങ്ക് തിരുവനന്തപുരം കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 20ന് തന്നെ സമീപിച്ച് പഴയ നോട്ടുകള്‍ നശിപ്പിച്ച് റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പന്നങ്ങളുണ്ടാക്കാനുള്ള സാധ്യത ആരാഞ്ഞുവെന്നാണ് മായന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. റദ്ദാക്കല്‍ വിവരം ചോര്‍ത്തിയതിനും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതിനും റിസര്‍വ്വ് ബാങ്ക് ഉന്നതരെ ഇന്നലെയും അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഈ മലയാളി വ്യവസായിയുടെ വെളിപ്പെടുത്തല്‍ അതീവഗൗരവമുള്ളതായി.
തന്നെ സമീപിച്ച റിസര്‍വ്വ് ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ മായന്‍ മുഹമ്മദ് വെളിപ്പെടുത്തിയിട്ടില്ല. നോട്ടു റദ്ദാക്കാന്‍ പോകുന്ന കാര്യം താനറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആണയിടുമ്പോള്‍ തന്നെ പ്രചാരത്തിലില്ലാത്ത നോട്ടുകള്‍ റീസൈക്കിള്‍ ചെയ്യാമോ എന്നാണ് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ ആരാഞ്ഞതെന്ന് സമ്മതിക്കുകയും ചെയ്യുന്നു. കീറിപ്പഴകിയ നോട്ടുകള്‍ റീ സൈക്കിള്‍ ചെയ്ത് പ്ലൈവുഡ് പോലുള്ള വസ്തുക്കള്‍ ഉണ്ടാക്കാമോ എന്നായിരിക്കും റിസര്‍വ്വ് ബാങ്ക് സാധ്യത തേടിയതെന്നാണ് താന്‍ കരുതിയതെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത മായന്‍ മുഹമ്മദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം നോട്ട് റദ്ദാക്കിയിട്ട് ഒരുമാസം തികയുന്നതിനു മുമ്പു തന്നെ റദ്ദാക്കിയ നോട്ടുകളുടെ റീസൈക്ലിംഗ് ഇതിനകം വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡില്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇതിനകം റദ്ദാക്കിയ 60 ടണ്‍ നോട്ടുകള്‍ റീസൈക്ലിംഗിനായി വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡില്‍ എത്തിക്കഴിഞ്ഞു. റദ്ദാക്കിയ നോട്ടുകള്‍ ഇത്രവേഗത്തില്‍ നശിപ്പിക്കുന്നത് ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ ഇടപെടലുണ്ടാകുമെന്ന മോഡി സര്‍ക്കാരിന്റെ പരിഭ്രാന്തിമൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടു നശിപ്പിക്കലിനു വേഗം കൂടിയതും ഈ സാഹചര്യത്തിലാണെന്നാണ് സൂചന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 2200 കോടി നോട്ടുകള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്.
https://www.facebook.com/Malayalivartha