ദുരൂഹത കൂട്ടി പാര്‍ട്ടിയുടെ കടുത്ത ഇടപെടലുകള്‍: കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ മരിച്ചവിഷയത്തില്‍ ആരോപണപ്രത്യാരോപണങ്ങള്‍

കള്ളപ്പണ ആരോപണം ശക്തിപ്പെടുമ്പോള്‍ മരണത്തില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ ദുരൂഹം. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം കേട്ട കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വലംകൈയുമായ വി.എല്‍ ജയശങ്കറാണ് ദുരൂഹമായി മരിച്ചത്.
മന്ത്രിയുടെയും ബന്ധുക്കളുടെയും പേരില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയ സഹകരണ സ്ഥാപനമാണ് കടകംപള്ളി ബാങ്ക്. ആദായനികുതി വകുപ്പ് ബാങ്കില്‍ പരിശോധനയും നടത്തിയിരുന്നു.
ഇതിനിടയില്‍ ജയശങ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുകൊണ്ടുപോയ ശേഷം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയറിയതും വിവാദത്തിലായിട്ടുണ്ട്.
ജയശങ്കറിനെ ചാക്ക പുള്ളി ലെയിനിലുള്ള അദ്ദേഹത്തിന്റെ വസതിയായ പ്രശാന്തിയില്‍ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് ആയ ഭാര്യ കെ. സുധാകുമാരി അഞ്ചര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജയശങ്കര്‍ കസേരയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്.
നാലേ മുക്കാലിന് ബന്ധുവായ ഫോട്ടോ ഗ്രാഫര്‍ കുടുംബഫോട്ടോ നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. അഞ്ച് മണിയോടെ ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നത് കണ്ടതായി സമീപത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ബാങ്കിലെ ജീവനക്കാരനായ ജയശങ്കറിന് ബാങ്കിലെ എല്ലാ ഇടപാടുകളെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. നേതാക്കളുടെ നിക്ഷേപത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളുമായിരുന്നു.
ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്ന ഉടന്‍ അത് ജയശങ്കറിന്റെ ചുമലില്‍ കെട്ടിവച്ച് നേതാക്കളെ രക്ഷിക്കാനുള്ള നീക്കം സിപിഎം നടത്തിയിരുന്നു. കള്ളപ്പണം തന്റേതാണെന്ന് ജയശങ്കര്‍ സമ്മതിച്ച് നിയമപരമായി പിഴ അടയ്ക്കുക, നേതാക്കളുടെ പേര് പുറത്ത് പറയാതിരിക്കുക, പാര്‍ട്ടി എല്ലാ സഹായവും ചെയ്യും എന്നതായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് പല തലത്തില്‍ ചര്‍ച്ചയും നടന്നു. ബാങ്കിന്റെ പ്രസിഡന്റ് അഡ്വ. ദീപക് വെള്ളിയാഴ്ച രാത്രിയിലും ജയശങ്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജയശങ്കര്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ജയശങ്കറിന്റെ സംസ്‌കാര ചടങ്ങിനോ, വീട്ടിലോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇടപാടുകളെക്കുറിച്ച് ഭാര്യ സുധാകുമാരിക്ക് അറിവുണ്ടെന്നും മന്ത്രി എത്തിയാല്‍ അവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് മന്ത്രി ഒഴിഞ്ഞു നിന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ജയശങ്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha