മുറിയ്ക്കകത്ത് കുടുങ്ങിയ കുഞ്ഞിന്റെ അടുത്തെത്താന്‍ ശ്രമിക്കവെ അമ്മ 14-ാം നിലയില്‍ നിന്നു വീണുമരിച്ചു

ഫ്‌ലാറ്റിലെ മുറിയില്‍ കുടുങ്ങിയ കുഞ്ഞിന്റെ അടുത്തെത്താന്‍ ശ്രമിക്കുന്നതിനിടെ അമ്മ പതിനാലാം നിലയില്‍ നിന്നു വീണു മരിച്ചു. കലക്ടറേറ്റിനു സമീപം വിഎസ്എന്‍എല്‍ റോഡിലെ അസെറ്റ് സിലിക്കോണ്‍ സൈബര്‍ ഹൈറ്റ്‌സ് ഫ്‌ലാറ്റില്‍ വാടകയ്ക്കു താമസിക്കുന്ന കായംകുളം ഓലകെട്ടിയമ്പലം പുഷ്പമംഗലത്ത് എസ്. സുജിത്തിന്റെ ഭാര്യ മേഘ (23) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന പതിനാലാം നിലയിലെ അപ്പാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ല് വഴി അകത്തേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ മേഘ നിലത്തു വീഴുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവമുണ്ടായത്. യുവതിയും രണ്ടു വയസ്സുള്ള ആണ്‍കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. അടുക്കളയിലെ മാലിന്യം പുറത്തു വയ്ക്കാന്‍ മുന്‍വശത്തെ വാതില്‍ തുറന്നു. മേഘ ഇറങ്ങിയ ഉടനെ കാറ്റില്‍ വാതില്‍ തനിയെ അടയുകയായിരുന്നു. വാതില്‍ അടഞ്ഞ ഉടനെ ഓട്ടോമാറ്റിക്കായി പൂട്ടു വീഴുകയും ചെയ്തു. ഈ സമയത്തു കുട്ടി അകത്തു തനിച്ചായി. വാതില്‍ തുറക്കാനായി വിരലടയാളം പഞ്ച് ചെയ്യുകയോ താക്കോല്‍ ഉപയോഗിക്കുകയോ വേണം. മേഘയുടെ വിരലടയാളം സുരക്ഷാ സംവിധാനത്തില്‍ പതിപ്പിച്ചിട്ടില്ലാത്തതിനാല്‍ ആ വഴിക്കു തുറക്കാനാകില്ലായിരുന്നു.
താക്കോല്‍ അപ്പാര്‍ട്‌മെന്റിന്റെ അകത്താകുകയും ചെയ്തു. മുറിയില്‍ ഒറ്റയ്ക്കായ കുഞ്ഞ് ഉറക്കെ കരഞ്ഞു തുടങ്ങിയതോടെ മേഘ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായം തേടി. സെക്യൂരിറ്റി ജീവനക്കാരന്‍ താഴെ നിന്നു പെയിന്റിങ് തൊഴിലാളികളെ വിളിച്ചു പിന്നിലൂടെ കയറ്റാമെന്നു പറഞ്ഞു പോയ സമയത്താണു മേഘ ഗ്രില്ല് വഴി വീടിനകത്തേക്കു കയറാന്‍ ശ്രമിച്ചതും വീണതും. താഴെ ആസ്ബറ്റോസ് ഷെഡിനു മുകളില്‍ പതിച്ച ശേഷമാണു യുവതി നിലത്തു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിസിനസുകാരനായ സുജിത്തും കുടുംബവും ഒരു വര്‍ഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. മേഘയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
https://www.facebook.com/Malayalivartha