'ഹരിവരാസന'ത്തില്‍ താന്‍ പാടിയ വരിയില്‍ തെറ്റുണ്ടെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്

ശബരിമലയിലെ അയ്യപ്പനെ പാടിയുറക്കുന്ന അതിപ്രശസ്തമായ 'ഹരിവരാസന'ത്തില്‍ താന്‍ പാടിയ വരിയില്‍ തെറ്റുണ്ടെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. അരുവിമര്‍ദ്ദനമെന്നല്ല അരി, വിമര്‍ദ്ദനം എന്ന് പിരിച്ചാണ് പാടേണ്ടിയിരുന്നതെന്ന് യേശുദാസ് പറയുന്നു. അയ്യപ്പന്റെ നിയോഗത്താല്‍ ഹരിവരാസനം വീണ്ടും പാടാന്‍ അവസരം ലഭിച്ചാല്‍ വരി തിരുത്തിപ്പാടാമെന്നും യേശുദാസ് പറഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെന്നൈ അണ്ണാനഗര്‍ അയ്യപ്പന്‍ കോവിലില്‍ പാടാന്‍ പോയപ്പോഴാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞതെന്ന് യേശുദാസ് പറയുന്നു. അവിടെ പാടാന്‍ ചെന്നപ്പോള്‍ ക്ഷേത്ര തന്ത്രി എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചോണ്ടു പോയി.
ഞങ്ങള്‍ രണ്ടാളും മാത്രം. അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു: 'കുഞ്ഞേ ശ്രദ്ധിച്ചു കേള്‍ക്കണം. ഇതൊരു കുറ്റപ്പെടുത്തലല്ല. ഹരിവരാസനത്തില്‍ അരുവിമര്‍ദ്ദനം എന്ന് ചേര്‍ത്ത് പാടരുത്.' അരി എന്നാല്‍ ശത്രു. വിമര്‍ദ്ദനം എന്നാല്‍ നിഗ്രഹം. ശത്രു നിഗ്രഹം എന്നര്‍ത്ഥം. അരുവിമര്‍ദ്ദനം എന്നല്ല, പിരിച്ച് അരി, വിമര്‍ദ്ദനം എന്ന് രണ്ടു വാക്കായേ ആലപിക്കാവൂ.
അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ആ നിമിഷം തന്നെ ഹരിവരാസനം ഒരിക്കല്‍ കൂടി ആലപിച്ചു. അതാണ് ശരിയെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. അദ്ദേഹത്തിന് വേണമെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ആളാകാന്‍ വേണ്ടി എന്റെ തെറ്റ് തിരുത്താമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അതാണ് ആ മഹാന്റെ മഹത്വം. അയ്യപ്പന്റെ നിയോഗത്താല്‍ വീണ്ടും ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍ പോകുന്നത് ഈ വാക്കായിരിക്കും. ഏറ്റവും ഒടുവില്‍ സന്നിധാനത്ത് പോയപ്പോള്‍ സോപാനത്തിനു സമീപം നിന്ന് താന്‍ ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നു എന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha