കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല, കാശിനാഥന്‍ അച്ഛന് അന്തിമോപചാരം അര്‍പ്പിച്ച കാഴ്ച ജനക്കൂട്ടത്തെ കണ്ണീരിലാഴ്ത്തി

പുഷ്പചക്രങ്ങള്‍ പൊതിഞ്ഞ്, ദേശീയപതാക പുതപ്പിച്ച് ധീരജവാന്റെ ഭൗതികശരീരത്തില്‍ ഭാര്യയും അമ്മയും ആറു മാസം പ്രായമായ മകനും അന്തിമോപചാരം അര്‍പ്പിക്കുന്ന കാഴ്ച ജനക്കൂട്ടത്തെ കണ്ണീരിലാഴ്ത്തി. കാശ്മീരില്‍നിന്നു കളിപ്പാട്ടങ്ങളുമായി വരാന്‍ കാശിനാഥന് ഇനി അച്ഛനില്ല. രാജ്യം ധീരജവാനായി വാഴ്ത്തുന്ന സി.രതീഷിന്റെ ശരീരം കൊടോളിപ്രത്തെ വീട്ടുവളപ്പിലെ മണ്ണില്‍ എരിഞ്ഞടങ്ങി. മാതൃസഹോദരിയുടെ മകളുടെ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി അനുരാഗ് ആണ് രതീഷിന്റെ അനന്തരവന്റെ സ്ഥാനത്തുനിന്നു ചിതയ്ക്കു തീ കൊളുത്തിയത്. സമീപത്തു തന്നെ കാശിനാഥന്‍ കാര്യമെന്തെന്ന് അറിയാതെ നോക്കുന്നുണ്ടായിരുന്നു.
സൈനിക ഉദ്യോഗസ്ഥര്‍ ദേശീയപതാകയും സൈനിക ചിഹ്നങ്ങളും രതീഷിന്റെ ഭാര്യ ജ്യോതിയെയും അമ്മ ഓമനയെയും ഏല്‍പ്പിച്ചപ്പോള്‍ ബന്ധുക്കള്‍ക്കു കണ്ണീരടക്കാനായില്ല. കശ്മീരില്‍ ഭീകരരുടെ വെടിയേറ്റാണ് സി.രതീഷ് വീരചരമമടഞ്ഞത്. ഉത്തരേന്ത്യക്കാരായ മറ്റു രണ്ടുപേരും ഒപ്പം മരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സജീവ് ജോസഫ്, ടി.ഒ. മോഹനന്‍, റിജില്‍ മാക്കുറ്റി, വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹിമാന്‍ കല്ലായി, കെ.പി. പ്രശാന്ത്, സി.വി. ശശീന്ദ്രന്‍, സി. വിജയന്‍, പി.എ. താജുദ്ദീന്‍, കെ.കെ. രാമചന്ദ്രന്‍, കെ.പി. രമേശന്‍, വി. രാജേഷ് പ്രേം, കെ.ടി. ജോസ്, നഗരസഭാ ചെയര്‍മാന്‍മാരായ കെ. ഭാസ്‌കരന്‍, പി.പി. അശോകന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അശോകന്‍, പി.പി. നൗഫല്‍, എം. രാജന്‍, പി.പി. സുഭാഷ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
മന്ത്രി ശൈലജ അനുശോചിച്ചു . കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.രതീഷിന്റെ വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് മന്ത്രി കെ.കെ.ശൈലജ അനുശോചിച്ചു.മട്ടന്നൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നവരുള്ള പ്രദേശമാണ് വെള്ളിയാംപറമ്പും കൊടോളിപ്രത്തും. സമീപകാലത്തായി കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന ഈ പ്രദേശത്തെ മൂന്നാമത്തെ സൈനികനാണ് രതീഷ്.ഇത് ഈ പ്രദേശത്തുകാരുടെ ദുഃഖത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുവെന്നും മന്ത്രി ശൈലജ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha