സംസ്ഥാനത്തെ 1000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലും സൗജന്യം, ഒരേസമയം 300 പേര്‍ക്ക് ഉപയോഗിക്കാം

105 കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളിലടക്കം സംസ്ഥാനത്തെ 1000 പൊതുസ്ഥലങ്ങളില്‍ 10 മെഗാബൈറ്റ് (സെക്കന്‍ഡില്‍) വേഗത്തില്‍ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലഭ്യമാക്കുന്നു. ഒരേസമയം 300 പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഓരോ യൂണിറ്റും ക്രമീകരിക്കുക. ആകെ 25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഓരോ യൂണിറ്റിനായും നീക്കിവെക്കുന്നത് 2.5 ലക്ഷം രൂപയാണ്. ഇതുസംബന്ധിച്ച് കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍) റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ സംവിധാനം എത്തുന്നതോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇന്റര്‍നെറ്റ് പരിധിയില്‍ വരും.
ഇതിനുപുറമേ ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള എല്ലാ എ ഗ്രേഡ് ഗ്രന്ഥശാലകളിലും ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ആലോചന. ഇത്തരത്തില്‍ 850 ഓളം ലൈബ്രറികളുണ്ടെന്നാണ് കണക്ക്. റെയില്‍വേസ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും റെയില്‍വേ സ്വന്തംനിലക്ക് പദ്ധതി ആരംഭിച്ചതോടെ ഇതുപേക്ഷിച്ചു.
ഓരോ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും 300 മീറ്റര്‍ പരിധിയിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് വേഗം കുറയുന്ന ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്‍ക്കും ഒരേ വേഗത്തില്‍ ലഭ്യമാക്കുന്ന ഡെഡിക്കേറ്റഡ് കണക്ഷനുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. പരിധിയില്ലാത്ത ലഭ്യതയാണ് ഉദ്ദേശിക്കുന്നതെങ്കിലും ദുരുപയോഗവും അനാവശ്യ ഡൗണ്‍ലോഡിങ്ങും തടയാനുള്ള ക്രമീകരണമുണ്ടാകും. സുരക്ഷ മുന്‍നിര്‍ത്തി ഉപയോഗിക്കുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ഐ.പി അഡ്രസ് സഹിതം ആവശ്യമെങ്കില്‍ ലഭ്യമാക്കാനുള്ള ക്രമീകരണവും അനുബന്ധമായി ഉണ്ടാകും.
വൈഫൈ യൂണിറ്റുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി സേവനദാതാക്കള്‍തന്നെ അതത് ജില്ലകളില്‍ ജീവനക്കാരെ നിയമിക്കണമെന്ന് ടെന്‍ഡറില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തും. അതാതിടങ്ങളിലെ ഡാറ്റാ സ്‌റ്റോറേജും സേവനദാതാവിന്റെ ചുമതലയാണ്. കിഫ്ബിയുടെ സാമ്പത്തികസഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രത്യക്ഷപദ്ധതികള്‍ക്ക് (വിസിബികള്‍ ) മാത്രമേ സഹായം ലഭ്യമാകൂവെന്നതിനാല്‍ മറ്റ് രീതിയില്‍ ഫണ്ട് കണ്ടത്തൊനാണ് നീക്കം. പൊതുസ്ഥലങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ഏര്‍പ്പെടുത്താന്‍ നേരത്തേ കേന്ദ്രത്തോട് 10 കോടി സഹായമാവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha