നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല, ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുക: ധനമന്ത്രി തോമസ് ഐസക്ക്

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണം നേരത്തേയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു. പണം അക്കൗണ്ടുകളിലേക്ക് നല്‍കും. ബാങ്കില്‍നിന്നു പണം നോട്ടുകളായി പിന്‍വലിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. നോട്ട് ലഭ്യമാക്കേണ്ടതു കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. ഇതില്‍, 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്നാണ് ആര്‍.ബി.ഐ സംസ്ഥാനത്തെ അറിയിച്ചത്. മൂന്നാം തീയതി മുതല്‍ 13-ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചു. ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു. ഒക്ടോബറിലേത് 3028.5 കോടിയും. എന്നാല്‍, നവംബറില്‍ 2746.19 ആയി താഴ്ന്നു. 19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഡിസംബറില്‍ കുത്തനെ ഇടിവാണുണ്ടായത്. 4,000 കോടിയുടെ മാസവരുമാനം പ്രതീക്ഷിച്ചെങ്കിലും 1,800 കോടിയുടെയെങ്കിലും കുറവാണ് ഡിസംബറില്‍ ഉണ്ടാവുകയെന്ന് പ്രാഥമിക വിലയിരുത്തല്‍.
ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വിറ്റുവരവില്‍ കുറവുണ്ടായത് 27.3 ശതമാനമാണ്. എക്‌സൈസ് വകുപ്പിന്റെ ആകെ വരുമാനത്തിലും പ്രതീക്ഷിച്ച വളര്‍ച്ചയില്ല. രജിസ്‌ട്രേഷന്‍ ഇടപാടുകളിലും നഷ്ടം പ്രകടമാണ്. നവംബര്‍ 10ന് ശേഷം രജിസ്‌ട്രേഷന്‍ ഭാഗികമായി നിലച്ചു. 67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത 2015 നവംബറിനെ അപേക്ഷിച്ച് ഇക്കുറി കുറവ് വന്നത് 14,964 എണ്ണം. നവംബറിലെ മാത്രം നഷ്ടം 94.5 കോടി രൂപയാണ്.
ഒക്ടോബറില്‍ 277.5 കോടിയായിരുന്നു രജിസ്‌ട്രേഷന്‍ വഴിയുള്ള വരവ്. നവംബറില്‍ ഇത് 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 97.4 കോടിയായി വരുമാനം കുറഞ്ഞു. നോട്ട് നിരോധനത്തിനുമുമ്പ് ലോട്ടറിയില്‍നിന്ന് 735 കോടിയായിരുന്നു. ഇതാകട്ടെ 390 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി മേഖല രേഖപ്പെടുത്തിയതും അഞ്ചു ശതമാനം നെഗറ്റിവ് വളര്‍ച്ചയാണ്.
ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനവും വിദേശ സഞ്ചാരികളുടെ വരവില്‍ 10 ശതമാനവും കുറവുണ്ടായി. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല.
https://www.facebook.com/Malayalivartha