ആതിരപ്പിള്ളി പ്‌ളാന്റേഷനില്‍ മൂരിക്കിടാവിനെ കൊന്ന് പുലി മരത്തില്‍ തൂക്കിയിട്ടു; നാട്ടുകാര്‍ ഭീതിയില്‍

അങ്കമാലി പ്‌ളാന്റേഷന്‍ പ്രദേശത്ത് ഇറങ്ങിയ പുലി മൂരിക്കിടാവിനെ കൊന്ന് മരത്തില്‍ വെച്ചത് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ ആതിരപ്പിള്ളി എസ്റ്റേറ്റില്‍ പോസ്റ്റ്ഓഫീസ് ജംഗ്ഷന് സമീപത്തെ റബ്ബര്‍മരത്തിലാണ് മൂരിക്കിടാവിനെ കൊന്ന് തൂക്കിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായുള്ള ആഹാരത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യാറ്.
വ്യാഴാഴ്ച രാവിലെ തോട്ടം പണിക്കായി എത്തിയ കാവല്‍ക്കാരാണ് റോഡിന് സമീപമുള്ള മരത്തില്‍ കിടാവിന്റെ ജഡം കണ്ടെത്തിയത്. കഴുത്ത് മരത്തിന്റെ ശിഖരത്തില്‍ ഉടക്കി ഉടല്‍ തൂക്കിയിട്ട നിലയിലായിരുന്നു. തങ്ങളുടെ വീടിനടുത്ത് പുലിയെത്തി എന്ന വാര്‍ത്ത ഗ്രാമീണരെ നടുക്കിയിരിക്കുകയാണ്.
ഇതോടെ ധാരാളം കടകളും ലൈബ്രറിയുമെല്ലാമുള്ള പോസ്റ്റ്ഓഫീസ് ജംഗ്ഷനിലേക്കും മറ്റും പ്‌ളാന്റേഷനിലെ റോഡിലൂടെ പകല്‍ പോലും ആള്‍ക്കാര്‍ ഇറങ്ങാത്ത സ്ഥിതിയായി. ഒട്ടേറെ തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന എസ്റ്റേറ്റ് ബി 2 ഡിവിഷനിലാണ് പുലിയിറങ്ങിയത്. ഇവിടെ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ച അനേകം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായിട്ടാണ് മരക്കൊന്പില്‍ പശുക്കളെ കൊന്നു വെയ്ക്കുന്നത് നാട്ടുകാര്‍ കാണുന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന പുലി പശുക്കളെയും മറ്റും കൊന്ന് കാടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോകുകയാണ് പതിവ്.
15,16 ബ്‌ളോക്കുകളിലായിരുന്നു പുലി പ്രശ്‌നം നേരത്തേ ഏറിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ ബ്‌ളോക്കിലും ശല്യമായി. നേരത്തേ പതിനഞ്ചാം ബ്‌ളോക്കില്‍ പുലിയെ പിടിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇവിടെ ഇപ്പോള്‍ പുലിയെ നേരില്‍ കണ്ട അനേകരുണ്ട്. റോഡിന് കുറുകെ പുലി ഓടിപ്പോകുന്നത് കണ്ട് വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരും ഏറെയാണ്.
https://www.facebook.com/Malayalivartha