ശമ്പളം- പെന്‍ഷന്‍ നല്‍കുന്നതില്‍ നിയന്ത്രണമില്ലെന്ന് ധനമന്ത്രി

ട്രഷറി വഴിയുള്ള ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ധനവകുപ്പ് ആലോചിക്കുന്നില്ലെന്നു ധനമന്ത്രി. എല്ലാ മാസത്തെയും പോലെ ശമ്പളവും പെന്‍ഷനും ബില്‍ പാസാക്കി അവരവരുടെ അക്കൗണ്ടില്‍ കൃത്യദിവസം തന്നെ നല്‍കിയിരിക്കും. പിന്‍വലിക്കല്‍ത്തുക കുറയ്ക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നില്ല എന്നും ധനമന്ത്രി വ്യക്തമാക്കി.
24,000 രൂപ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും ആ തുക നല്‍കണമെന്നും സ്വന്തം നിലയില്‍ കുറയ്ക്കരുതെന്നും ട്രഷറികള്‍ക്കു കഴിഞ്ഞ മാസം നല്‍കിയ നിര്‍ദേശം നിലനില്‍ക്കുകയാണ്. ബാങ്കുകളും ആ തുക നല്‍കണമെന്നാണു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
ബാങ്കുകള്‍ക്ക് അതു പാലിക്കാന്‍ കഴിയുമോ എന്നതു ബാങ്കുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രശ്‌നമാണ്, സംസ്ഥാന സര്‍ക്കാരിന്റേതല്ല. ആവശ്യപ്പെടുന്ന തുക നല്‍കാന്‍ വേണ്ട കറന്‍സി ലഭ്യമാക്കണമെന്നു ഡിസംബര്‍ 20നുതന്നെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പതിവുപോലെ ഇത്തവണയും മറുപടി നല്‍കാത്തതിനാല്‍ ആര്‍ബിഐ സംസ്ഥാന ഡിജിഎമ്മിന്റെയും എസ്ബിഐ, എസ്ബിടി, കാനറാ ബാങ്ക് മേധാവികളുടെയും യോഗം 26നു വിളിച്ചുചേര്‍ത്ത് ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ കറന്‍സി ലഭ്യമല്ലെന്നാണ് ആര്‍ബിഐയും ബാങ്കുകളും അറിയിച്ചത്. കേന്ദ്രം നല്‍കിയ ഉറപ്പുപ്രകാരമുള്ള തുകയെങ്കിലും നല്‍കാന്‍ തയാറായേ തീരൂ എന്ന കര്‍ശനനിലപാടാണു സംസ്ഥാനത്തിനുള്ളതെന്നു വ്യക്തമാക്കിയിട്ടുണ്ട്. കറന്‍സി അസാധുവാക്കല്‍ മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണമെന്നും വായ്പ അനുവദിക്കണമെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം, ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും സംസ്ഥാന ബജറ്റെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha