സംസ്ഥാനത്ത് ഇനി അസാധു നോട്ടുകള്‍ മാറ്റാനോ, നിക്ഷേപിക്കാനോ പറ്റില്ല; ആര്‍ബിഐ ഓഫിസുകളില്‍ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു

സര്‍ക്കാര്‍ അനുവദിച്ച 50 ദിവസ കാലാവധിക്കകം അസാധു നോട്ടുകള്‍ മാറ്റാത്തവര്‍ക്ക് ഇനി കേരളത്തില്‍ നോട്ട് മാറ്റാനോ, അസാധു നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കില്ല. നോട്ട് പിന്‍വലിക്കല്‍ പദ്ധതി കാലാവധി അവസാനിച്ച ഡിസംബര്‍ 30നു ശേഷം റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ അസാധു നോട്ട് കൈമാറാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആര്‍ബിഐ ഓഫിസുകളില്‍ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.
ഡിസംബര്‍ 31നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്കു മാത്രമേ ഇനി നോട്ട് മാറ്റാന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ ആര്‍ബിഐ നിലപാട്.
മാത്രമല്ല, മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ആര്‍ബിഐ ഓഫിസുകളില്‍ മാത്രമേ അസാധു നോട്ടുകള്‍ സ്വീകരിക്കൂ. ഇതനുസരിച്ച്, കേരളത്തില്‍ നിന്നുള്ള പ്രവാസികളും വിദേശയാത്രയിലായിരുന്നവരും ഇനി നോട്ട് മാറാന്‍ ചെന്നൈയില്‍ എത്തേണ്ടിവരും.
അസാധു നോട്ട് മാറുന്നതിനുള്ള നിബന്ധനകള്‍
നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ വിദേശത്തായിരുന്ന പ്രവാസികള്‍ക്കു ജൂണ്‍ 30 വരെയും വിദേശയാത്രയില്‍ ആയിരുന്നവര്‍ക്കു മാര്‍ച്ച് 31 വരെയുമാണ് അസാധു നോട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളത്. ഒറ്റത്തവണ മാത്രമേ ഇതു കഴിയൂ. മറ്റൊരാളെ ഇതിനായി നിയോഗിക്കാന്‍ കഴിയില്ല.
വിദേശയാത്രയിലായിരുന്നവര്‍ക്കു നിക്ഷേപിക്കാവുന്ന പണത്തിനു പരിധിയില്ല. എന്നാല്‍, പ്രവാസികള്‍ക്ക് 25,000 രൂപയേ നിക്ഷേപിക്കാനാകൂ.
നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ ഹാജരാക്കണം. ഈ കാലയളവില്‍ ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, തിരിച്ചറിയല്‍ കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിവയും നല്‍കണം.
പ്രവാസികള്‍ ഡിസംബര്‍ 30നു ശേഷമാണു നാട്ടിലെത്തിയതെന്നു തെളിയിക്കുന്ന കസ്റ്റംസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവരങ്ങളും രേഖകളും തൃപ്തികരമെങ്കില്‍ ഇടപാടുകാരന്‍ കൈമാറുന്ന അസാധു നോട്ടുകള്‍ ഒരാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടിലേക്ക് ആര്‍ബിഐ നിക്ഷേപിക്കും.
പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി പണം മാറ്റാനാകില്ല.
അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കാത്തതു സംബന്ധിച്ച പരാതികള്‍ 14 ദിവസത്തിനകം ആര്‍ബിഐയുടെ മുംബൈയിലെ കേന്ദ്ര ഓഫിസില്‍ നല്‍കണം.
https://www.facebook.com/Malayalivartha