കുട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മൃഗീയമായി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു

ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മൃഗീയമായി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. സ്വകാര്യ തേയില എസ്‌റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി സബിതയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തമിഴ്‌നാട്ടുകാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷക്കാരിയായ സബിത മാജിയാണ് കൊല്ലപ്പെട്ടത്. പുതുവത്സരദിനമായ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സബിതയെ കാണാതായത്. ഭര്‍ത്താവ് കുന്തന്‍ മാജി ജോലികഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. സമീപത്തെ മറ്റ് തൊഴിലാളി ലയങ്ങളില്‍ സബിതയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് എസ്‌റ്റേറ്റിലെ മറ്റുതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അര്‍ധരാത്രിയോടെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്ന മൃതദേഹത്തില്‍ എട്ടിടങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിലും, നെഞ്ചിലും കയ്യിലും ആഴത്തിലുള്ള മുറിവുകളാണ്. സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകള്‍ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്ന് കുറച്ചകലെയായി കണ്ടെത്തി.
ഇതിനു സീപത്ത് രക്തം തളംകെട്ടികിടപ്പുണ്ട്. പാറയ്ക്ക് മുകളിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ചാണ് മൃതദേഹം കുറ്റിക്കാട്ടിലെത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. സബിതയുടെ ആഭരണങ്ങളെല്ലാം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അതുകൊണ്ടു മോഷണത്തിനിടെയല്ല കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു.
എണ്ണൂറ് ഏക്കര്‍ വരുന്ന തേയില തോട്ടത്തിന് നടുവിലാണ് കൊലപാതകം നടന്നത്. സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിലെ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് ഡോഗ് സ്‌ക്വാഡ് പരിശോധന അവസാനിപ്പിച്ചത്. ഈ മുറിയില്‍ രക്തക്കറയും കണ്ടെത്തി. തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മാനഭംഗത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റെ സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ ഇത് സ്ഥിരീകരിക്കുകയുള്ളൂ. എറണാകുളം റേഞ്ച് ഐ.ജി എസ്.ശ്രീജിത് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
ദ്വിഭാഷിയുടെ സഹായത്തോടെ എസ്‌റ്റേറ്റിലെ മുഴുവന്‍ തൊഴിലാളികളെയും ചോദ്യം ചെയ്തു. ഒരു വര്‍ഷം മുന്‍പാണ് സബിതയും ഭര്‍ത്താവ് കുന്തന്‍മാജിയും ഇളയമകളും കുട്ടിക്കാനത്തെ സ്വകാര്യ എസ്‌റ്റേറ്റിലെത്തിയത്. അവധി ദിവസമായതിനാല്‍ മകള്‍ എസ്‌റ്റേറ്റില്‍ തന്നെ താമസിക്കുന്ന സബിതയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു.
https://www.facebook.com/Malayalivartha