റെന്റ് എ കാറില്‍ കറങ്ങി വാഴക്കുല മോഷണം; കെഎസ്ഇബി കരാര്‍ തൊഴിലാളി അറസ്റ്റില്‍

വാഴക്കുലകള്‍ ജയന്റെ വീക്കനസ്. പല മോഷണങ്ങളും ഹോബിക്ക്കൂടിയെന്ന് പോലീസ്. റെന്റ് എ കാര്‍ വാടകയ്‌ക്കെടുത്തു രാത്രികാലങ്ങളില്‍ കറങ്ങിനടന്നു വാഴക്കുല മോഷണം പതിവാക്കിയ കെഎസ്ഇബി കരാര്‍ തൊഴിലാളിയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് ഒലിപ്പുറത്ത് മേലെ പുത്തന്‍വീട്ടില്‍ ജയന്‍(41) ആണു പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു രാത്രി 1.30നു നരുവാമൂട് ഗോവിന്ദമംഗലം തട്ടാംവിള ചാമുണ്ഡീക്ഷേത്രത്തിനു സമീപം വാഴ കര്‍ഷകനായ വിജയന്റെ പുരയിടത്തില്‍ നിന്ന് 85 കുലവാഴകള്‍ വെട്ടിമുറിച്ചു കടത്തിയ കേസിലാണ് അറസ്റ്റ്. നരുവാമൂട് സ്‌റ്റേഷന്‍ പരിധിയില്‍ വാഴക്കുലമോഷണം പതിവാണെന്ന കര്‍ഷകരുടെ പരാതിക്കിടെയാണ് അറസ്റ്റ്. വിജയന്റെ പരാതിയെത്തുടര്‍ന്ന് നരുവാമൂട് പൊലീസ് കഴിഞ്ഞ കുറേ ദിവസമായി നടത്തിവന്ന നീക്കത്തിനൊടുവിലാണു പ്രതിയെ പിടികൂടിയത്. കിട്ടുന്ന വാഴക്കുലയുടെ ലാഭത്തേക്കാള്‍ തുക ഇയാള്‍ കാറിന് നല്‍കുന്നുണ്ടെന്നതും വിചിത്രമാണ്.
കെഎസ്ഇബി കരാര്‍ തൊഴിലാളിയായ ഇയാള്‍ പകല്‍ സമയങ്ങളില്‍ കറങ്ങിനടന്നു വാഴക്കുലകള്‍ നോക്കിവച്ചശേഷം രാത്രിയില്‍ റെന്റ് എ കാര്‍ എടുത്തുവന്ന് ഇവ വെട്ടിക്കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഴക്കുലകള്‍ സ്ഥിരമായി മോഷണം പോവുകയും അസമയങ്ങളില്‍ ക്വാളിസ് കാര്‍ പ്രദേശത്തു ചുറ്റിക്കറങ്ങുന്നതും ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ നാട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഈ കാറിനെചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. പല സ്ഥലങ്ങളില്‍ നിന്നു വെട്ടിക്കടത്തുന്ന വാഴക്കുലകള്‍ ചാലയിലാണു വിറ്റഴിച്ചിരുന്നത്. കാര്‍ഷിക കോളജിനടുത്താണു താമസമെന്നും തന്റെ സഹോദരന്‍ കൃഷി ചെയ്ത വാഴയാണെന്നുമാണ് ഇയാള്‍ ചാലയിലെ കടക്കാരനോടു പറഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. എസ്‌ഐ: എസ്.സന്തോഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാബു, അരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha