സര്‍ക്കാര്‍ ഡയറിയിലെ പിഴവിനു പിന്നാലെ കേരള വാഴ്‌സിറ്റി ഡയറിയിലും ക്രമം തെറ്റി; സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് പേരുകള്‍ എടുത്തതാണ് അബദ്ധമായതെന്ന് സര്‍വകലാശാലാ അധികൃതര്‍

സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റിച്ച് അച്ചടിച്ചതിന്റെ പേരില്‍ ഡയറി പിന്‍വലിച്ചതിനു പിന്നാലെ, കേരള സര്‍വകലാശാലയുടെ ഡയറിയിലും മന്ത്രിമാരുടെ പേരുകളുടെ ക്രമം തെറ്റി. മുഖ്യമന്ത്രിയുടെ പേരിനുശേഷം സിപിഎം മന്ത്രിമാരുടെയും തുടര്‍ന്നു സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷി മന്ത്രിമാരുടെയും പേരുകളാണ് അച്ചടിച്ചത്. ഇതു വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ ചിലര്‍ തെറ്റു ചൂണ്ടിക്കാട്ടുകയായിരുന്നു.
മന്ത്രിമാരുടെ ക്രമം തെറ്റിച്ചതിനെ തുടര്‍ന്നു 40,000 സര്‍ക്കാര്‍ ഡയറി അടിച്ചതു മാറ്റി വീണ്ടും അച്ചടിച്ചുകൊണ്ടിരിക്കെയാണു കേരള സര്‍വകലാശാല അതേ അബദ്ധം ആവര്‍ത്തിച്ചത്. അതേസമയം, സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു മന്ത്രിമാരുടെ പേരുകള്‍ എടുത്ത് അച്ചടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും അതിലെ ക്രമം അനുസരിച്ചു നല്‍കിയതാണു തെറ്റു വരാന്‍ കാരണമെന്നും സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. സാധാരണ, കേരള സര്‍വകലാശാലയില്‍ ഡയറി അച്ചടിക്കുന്നതിന്റെ ചുമതല സിന്‍ഡിക്കറ്റ് സബ് കമ്മിറ്റിക്കാണ്. സബ് കമ്മിറ്റിയും വൈസ് ചാന്‍സലറും അംഗീകരിച്ച ശേഷമേ ഡയറി അച്ചടിക്കു വിടാറുള്ളൂ.
കേരളയില്‍ ഇത്തരം പരിശോധനകള്‍ ശരിയായ രീതിയില്‍ നടന്നിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അബദ്ധം സംഭവിക്കില്ലായിരുന്നു. സര്‍ക്കാര്‍ ഡയറി സിപിഐ മന്ത്രിമാരുടെ പരാതിയെ തുടര്‍ന്നു തിരുത്തിയിട്ടും തങ്ങളുടെ ഡയറി തിരുത്താന്‍ കേരള സര്‍വകലാശാല നടപടി സ്വീകരിച്ചില്ല.
സര്‍ക്കാര്‍ വെബ്‌സൈറ്റിലെ പോലെ മന്ത്രിമാരുടെ പേരുകള്‍ ഡയറിയില്‍ അച്ചടിച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും പുലിവാലു പിടിച്ചിരിക്കുകയാണ്. പക്ഷേ, അവര്‍ തെറ്റു തിരുത്തി ഡയറി ഇറക്കാനുള്ള ശ്രമത്തിലാണ്. കേരള സര്‍വകലാശാലായുടെ ഡയറിയും ഇനി തിരുത്തി അച്ചടിക്കേണ്ടി വരും.
https://www.facebook.com/Malayalivartha