യുവാവ് അഞ്ചുമണിക്കൂര്‍ അരയടി ഭിത്തികള്‍ക്കിടയില്‍ കുടുങ്ങി ; രക്ഷകനായത് മൊബൈല്‍

കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ അനു(24) അര്‍ദ്ധരാത്രി കാല്‍തെന്നിവീണത് ഇരുപതടി താഴ്ചയിലേക്ക്. രണ്ടു കെട്ടിടങ്ങളുടെ ഭിത്തികള്‍ തമ്മിലുള്ള അകലം അരയടി മാത്രമായിരുന്നു. ഇതിനിടയില്‍ ശ്വാസം വിലങ്ങുന്ന ഇരുട്ടുമാത്രമുള്ള ഇടുക്കിലേക്കാണ് അറിയാതെ അനു വീണു പോയത്. ആരും അറിയാതെ അവസാനിച്ചു പോകുമായിരുന്ന അവന് രക്ഷയായത് വീഴ്ചയില്‍ വീഴാതെ പോക്കറ്റില്‍ തന്നെ കിടന്ന മൊബൈല്‍ ഫോണാണ്.
കെട്ടിടങ്ങള്‍ക്കിടയില്‍ അഞ്ചുമണിക്കൂറിലേറെ കുടുങ്ങിയ പത്തനംതിട്ട മലയാലപ്പുഴ മേപ്പുറത്തു മുരിപ്പേല്‍ അനു ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത് സഹോദരനെ മൊബൈല്‍ ഫോണില്‍ വിളിച്ചു വീണുപോയ കാര്യം അറിയിച്ചതുകൊണ്ടുമാത്രമാണ്. അതോടൊപ്പം കെട്ടിടം തുരന്ന് പുറത്തെടുത്ത അഗ്‌നിശമനസേനയുടെ സാഹസിക പ്രവര്‍ത്തനവും.
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിനു സമീപത്തായുള്ള കെട്ടിടത്തിലെ രണ്ടാംനിലയിലാണ് കെട്ടിടനിര്‍മാണത്തൊഴിലാളിയായ അനുവും ജ്യേഷ്ഠനായ മനുവും മാതാവും വാടകയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ആ സമയം മനുവും മാതാവും സ്ഥലത്തില്ലായിരുന്നു.
ടെറസില്‍ കിടന്നുറങ്ങിയ അനു രാത്രി എഴുന്നേറ്റപ്പോള്‍ സ്‌റ്റെയര്‍കെയ്‌സിനു സമീപം രണ്ടു കെട്ടിടങ്ങള്‍ക്ക് മധ്യേയുള്ള ഭിത്തികള്‍ക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള അനു അരയടി മാത്രം വീതിയുള്ള വിടവിലൂടെ താഴേക്കു വീണ് ഇരുപതടിയോളം താഴ്ചയില്‍ കെട്ടിടത്തിന്റെ മധ്യത്തിലായി കുടുങ്ങിക്കിടക്കുകയായിരുന്നു.
പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണിലൂടെ കൊല്ലം കരുനാഗപ്പള്ളിയിലായിരുന്ന ജ്യേഷ്ഠന്‍ മനുവിനെ അനു ഉടന്‍ തന്നെ വിവരമറിയിച്ചു. മനു ഓടിപ്പാഞ്ഞെത്തിയതോടെയാണ് നാട്ടുകാരും അപകടവിവരം അറിയുന്നത്. ഉടന്‍ എല്ലാവരും ചേര്‍ന്ന് കയറിട്ടു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാവിലെ ആറേകാലോടെ കായംകുളത്തുനിന്നു പതിനഞ്ചംഗ അഗ്‌നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി. താഴത്തെ നിലയിലെ ബേക്കറി തുറപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
കുഴല്‍ക്കിണറില്‍പ്പെടുന്നവരെ രക്ഷിക്കും വിധമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെട്ടിടത്തിന്റെ മധ്യഭാഗത്തിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് കട്ടര്‍, ചുറ്റിക എന്നിവ ഉപയോഗിച്ച് പൊളിച്ച് ആളെ കണ്ടെത്തി. തുടര്‍ന്ന് അടുത്ത ഭിത്തിയുടെ ഭാഗങ്ങള്‍ കൂടി പൊളിച്ചാണ് ഏഴരയോടെ അനുവിനെ പുറത്തെടുത്തത്. ഉടന്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനു അകപ്പെട്ട ഭാഗത്ത് വായു സഞ്ചാരമുണ്ടായിരുന്നതു തുണയായി. ഒരുപക്ഷേ മൊബൈല്‍ കൈയ്യിലില്ലാതിരുന്നെങ്കില്‍ ആരുമറിയാതെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.
https://www.facebook.com/Malayalivartha