ആംഡ് റിസര്‍വ് സിവില്‍ പൊലീസില്‍ ലയിപ്പിക്കുന്നു: എആര്‍ ക്യാംപ് ഇല്ലാതെയാകും

പൊലീസിലെ ആംഡ് റിസര്‍വ് ലയനം നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പു തീരുമാനിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയ ശേഷം ലയനം മതിയെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നയമെങ്കിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെതന്നെ എആറിനെ കേരള സിവില്‍ പൊലീസില്‍ ലയിപ്പിക്കാനാണു പുതിയ തീരുമാനം. ഇതോടെ കേരള പൊലീസിന്റെ ആരംഭം മുതലുണ്ടായിരുന്ന എആര്‍ ക്യാംപ് ഇല്ലാതെയാകും. എആറില്‍ തുടരാന്‍ 2010 മാര്‍ച്ചിനു മുന്‍പു സമ്മതമറിയിച്ചവരെ ഉള്‍പ്പെടുത്തി ജില്ലാ പൊലീസ് മേധാവിമാര്‍ക്കു കീഴില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിങ് രൂപീകരിക്കും.
മറ്റുള്ളവരില്‍ സിപിഒ മുതല്‍ എസ്ഐ വരെയുള്ളവരെ ലോക്കല്‍ സ്റ്റേഷനുകളില്‍ വിന്യസിക്കും. ഇതു ജില്ലകളില്‍ തുടങ്ങി. കേരള സിവില്‍ പൊലീസ്, ബറ്റാലിയന്‍ എന്നീ രണ്ടു സംവിധാനമാകും ഇനി പൊലീസിലുണ്ടാവുക. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിട്ടതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നീട്ടിവച്ചതുമായ സര്‍ക്കാര്‍ ഉത്തരവിറക്കിയതു 2010 ലാണ്. കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള തടസ്സവും സ്റ്റേഷനുകളിലെ ആള്‍ ക്ഷാമവുമായിരുന്നു കാരണം. എന്നാല്‍, ക്യാംപുകള്‍ ഒറ്റയടിക്കു നിര്‍ത്തേണ്ടെന്നും എആറില്‍ തുടരാന്‍ സമ്മതമറിയിച്ചവര്‍ തുടരട്ടെയെന്നുമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട്.
വിരമിക്കലോടെ സ്വാഭാവികമായി എആര്‍ ഇല്ലാതാകുമെന്നും മറ്റുള്ളവരെ കെസിപിയില്‍ ലയിപ്പിക്കാമെന്നും അതിനു മുന്‍പു സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നുമായിരുന്നു ശുപാര്‍ശ. ഗാഡ്, തടവുകാര്‍ക്കു കോടതി അകമ്ബടി, അത്യാവശ്യഘട്ടങ്ങളില്‍ ക്രമസമാധാനം എന്നിവയാണ് എആറിന്റെ ചുമതല. എആറില്‍ തുടരാന്‍ സമ്മതം അറിയിച്ചവര്‍ 1500ല്‍ താഴെയാണ്.
കൊല്ലം റൂറല്‍, തൃശൂര്‍ റൂറല്‍ എന്നിവയൊഴികെ എല്ലാ പൊലീസ് ജില്ലകളിലും ക്യാംപുകളുണ്ട്. മുഴുവന്‍ പേരെയും സ്റ്റേഷനുകളില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കണം. നിലവില്‍ എആര്‍ ചെയ്യുന്ന ജോലികള്‍ ഇനി ഡിഎച്ച്ക്യൂ വിങ്ങാണു നിര്‍വഹിക്കേണ്ടതെന്ന് ഉത്തരവിലുണ്ടെങ്കിലും അംഗബലം നിശ്ചയിച്ചിട്ടില്ല. സെന്‍ട്രല്‍ ജയിലുള്ള ജില്ലകളില്‍ പ്രതികളുടെ അകമ്പടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്കയുണ്ട്. അതേസമയം, കൂടുതല്‍ ചെറുപ്പക്കാര്‍ സ്റ്റേഷനുകളിലേക്ക് എത്തുന്നതു ക്രമസമാധാന പാലനത്തിലും കേസ് അന്വേഷണത്തിലും ഉണര്‍വുണ്ടാക്കും.
https://www.facebook.com/Malayalivartha