ഞങ്ങള്‍ക്ക് ക്യാന്‍സറില്ല' പാന്‍ക്രിയാസ് ക്യാന്‍സര്‍ അതിജീവിച്ചവരുടെ ഒരപൂര്‍വ സംഗമം

മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ പാന്‍ക്രിയാസിലെ ക്യാന്‍സറിന് 'വിപ്പിള്‍സ് ഓപ്പറേഷന്‍' തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ചു കിട്ടിയ രോഗികള്‍ മെഡക്‌സ് വേദിയില്‍ ഒത്തു ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്ന മെഡക്‌സിന്റെ ഭാഗമായാണ് 'ഞങ്ങള്‍ക്ക് ക്യാന്‍സറില്ല ഒരു വിപ്പിള്‍ കൂട്ടായ്മ' എന്ന പേരിലുള്ള ഈ ഒത്തുചേരല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച മുപ്പതോളം രോഗികളും കുടുംബാംഗങ്ങളും അവരുടെ അനുഭവം പങ്കുവച്ചത് മറക്കാനാവാത്ത അനുഭവമായി.
ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമായ പാന്‍ക്രിയാസ് ക്യാന്‍സര്‍ പോലും ശാസ്ത്രീയമായ ചികിത്സാ രീതികള്‍ മുഖാന്തിരം അതിജീവിക്കാന്‍ സാധിക്കും എന്ന അവബോധം പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ആശയത്തോടെയാണ് ഈ അപൂര്‍വ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. എഴുപതുകള്‍ മുതല്‍ മെഡിക്കല്‍ കോളേജിലെ ഈ വിഭാഗത്തില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടത്തി വരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട തമിഴ്‌നാട്ടിലെ കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള രോഗികള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. ശസ്ത്രക്രിയക്ക് ശേഷം 20 വര്‍ഷത്തിലേറെയായി സുഖമായിരിക്കുന്നവരും ഇതില്‍ പങ്കെടുത്തു.
വകുപ്പധ്യക്ഷന്‍ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു, ഡോ. ഷാനവാസ് എന്നിവര്‍ രോഗ കാരണങ്ങളെക്കുറിച്ചും രോഗ നിര്‍ണയം, ചികിത്സാ രീതികള്‍, അനന്തര ചികിത്സ എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഡോ. ശശികിരണ്‍, ഡോ. ശ്രീജിത്ത്, ഡോ. മനൂപ് എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. മുന്‍ വകുപ്പധ്യക്ഷന്‍മാരായിരുന്ന ഡോ. ആനന്ദകുമാര്‍, ഡോ. ശുഭലാല്‍, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. ലിനറ്റ്, ഡോ. സുഗന്ധ, ഡോ. മധുസൂദനന്‍ പിള്ള, ഡോ. ഉഷ കുമാരി, മെഡക്‌സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജോബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു, വാര്‍ഡ് എന്നിവിടങ്ങില്‍ ഈ രോഗികളെ പരിചരിച്ച നഴ്‌സുമാരും പങ്കെടുത്തു.
https://www.facebook.com/Malayalivartha