കോളേജ് അധികൃതരുടെ വിലക്കുകള്‍ ലംഘിച്ച് അവരെത്തി; ജിഷ്ണുവിന്റെ കുഴിമാടത്തില്‍ ഈറനണിഞ്ഞകണ്ണുകളോടെ പൂക്കള്‍ വിതറിയത് എല്ലാവര്‍ക്കും നൊമ്പരക്കാഴ്ചയായി

ജിഷ്ണുവിന്റെ ഓര്‍മകളുമായി, കോളേജ് അധികൃതരുടെ വിലക്കുകള്‍ ലംഘിച്ച് അവരെത്തി; ഈറനണിഞ്ഞ കണ്ണുകളുമായി കുഴിമാടത്തില്‍ പൂവിതറാന്‍. പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വളയം പൂവന്‍വയലിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സഹപാഠികള്‍ എത്തിയത്.
പ്രത്യേക ബസില്‍ വിദ്യാര്‍ഥിനികളടക്കം 35ഓളം പേരാണ് ഇവിടെ എത്തിയത്. ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോളജ് അധികൃതര്‍ വിലക്കിയതിനാല്‍ ജിഷ്ണുവിന്റെ സഹപാഠികള്‍ക്കോ കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കോ ആര്‍ക്കും അവന്റെ മുഖം അവസാനമായി കാണാന്‍ കഴിഞ്ഞിരുന്നില്ല.
കോപ്പിയടിക്കാത്ത അവനെ എന്തിന് ഡീബാര്‍ ചെയ്‌തെന്നാണ് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. കോളജ് അധികൃതരെ പേടിച്ച് ഒറ്റപ്പാലത്ത് പുലര്‍ച്ചെയോടെ സംഗമിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെ പുറപ്പെടുകയായിരുന്നു. 'ഞങ്ങള്‍ തുടക്കക്കാരാണ് കുറച്ച് കഴിയുമ്പോള്‍ എല്ലാവരും ഞങ്ങളെ മറക്കും. അപ്പോള്‍ അവര്‍ പ്രതികാരം ചെയ്യും' ഭയപ്പാട് നിറഞ്ഞ വിദ്യാര്‍ഥികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
തളര്‍ന്നുകിടന്ന ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഒരുപിടി ചോറും വാരിനല്‍കി, കുഴിമാടത്തില്‍ പൂക്കള്‍ വിതറി കണ്ണീര്‍ പൊഴിച്ച് മടങ്ങുന്ന സഹപാഠികള്‍ കണ്ടുനിന്ന നാട്ടുകാരുടെയും നൊമ്പരമായി.
https://www.facebook.com/Malayalivartha