കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ ആശുപത്രി 17ന് നാടിന് സമര്‍പ്പിക്കും; താങ്ങാന്‍ കഴിയുന്ന നിരക്കില്‍ അത്യാധുനിക ചികിത്സാസൗകര്യം

അന്താരാഷ്ട്ര നിലവാരത്തില്‍ സഹകരണമേഖലയില്‍ യാഥാര്‍ഥ്യമായ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എംവിആര്‍സിസിആര്‍ഐ) ജനുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് എംവിആര്‍സിസിആര്‍ഐ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആശുപത്രി ക്യാംപസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 350 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ആശുപത്രിയിലെ 30 ശതമാനം സൗകര്യങ്ങള്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി മാറ്റിവയ്ക്കും.
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉദ്യമമായ ക്യാന്‍സര്‍ ആന്‍ഡ് അലൈഡ് എയ്ല്‍മെന്റ്‌സ് റിസര്‍ച്ച് (കെയര്‍) ഫൗണ്ടേഷന്റെ ഒരു യൂനിറ്റായിട്ടായിരിക്കും എംവിആര്‍സിസിആര്‍ഐ പ്രവര്‍ത്തിക്കുക. മലബാര്‍ മേഖലയിലെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകാനാണ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. നിലവില്‍ ഈ മേഖലയിലെ കാന്‍സര്‍ രോഗികള്‍ ദീര്‍ഘദൂരം സഞ്ചരിച്ച്, അധിക പണം ചെലവഴിച്ചാണ് ചികിത്സ തേടുന്നത്.
എല്ലാത്തരം ആളുകള്‍ക്കും താങ്ങാന്‍ കഴിയുന്ന നിരക്കില്‍ അത്യാധുനിക ചികിത്സാസൗകര്യം കോഴിക്കോട് ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. ക്യാന്‍സര്‍ചികിത്സയില്‍ അമേരിക്കയിലെ കെന്നഡി കാന്‍സര്‍ സെന്ററിന്റെ നിലവാരത്തിലേയ്ക്ക് ഘട്ടംഘട്ടമായി ഈ ആശുപത്രിയേയും ഗവേഷണസ്ഥാപനത്തേയും ഉയര്‍ത്തിക്കൊണ്ടുവരുത്തുകയാണ് ലക്ഷ്യം. ഈ മാസം 18 ന് ആശുപത്രിയുടെ ഒപി പ്രവര്‍ത്തനം ആരംഭിക്കും. ആദ്യ ഘട്ടം 2017 ഏപ്രിലില്‍ പൂര്‍ത്തിയാകുമ്‌ബോള്‍ 300 ബെഡുകളും 600,000 ചതുരശ്രയടി നിര്‍മാണവിസ്തൃതിയുമുണ്ടായിരിക്കും എംവിആര്‍സിസിആര്‍ഐയ്ക്ക്.
ഗായിക കെ.എസ്. ചിത്രയുടെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി ബാലഭാസ്‌കറിന്റെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. നടി മഞ്ജു വാര്യര്‍ ദീപം തെളിയിക്കും. സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് വിങ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, റേഡിയേഷന്‍ ബ്ലോക്ക് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്യും. ലൈനാക്ക്, സിടി, എംആര്‍ഐ സെന്റര്‍ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും, സിറ്റി സര്‍വീസ് ബാങ്ക് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും, പുതിയ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും, ഫാര്‍മസി, ലാബ് ഉദ്ഘാടനം എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും നിര്‍വഹിക്കും. തീയേറ്റര്‍ ബ്ലോക്ക് എം.കെ. രാഘവന്‍ എംപിയും, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും, അക്വമഡേഷന്‍ ബ്ലോക്ക് മുന്‍ധനമന്ത്രി കെ.എം. മാണിയും, ഡബ്ല്യുടിപി പദ്ധതി പി.ടി.എ. റഹീം എംഎല്‍എയും, പെയിന്റ് ആന്‍ഡ് പാലിയേറ്റീവ് ബ്ലോക്ക് ഒ. രാജഗോപാല്‍ എംഎല്‍എയും, കമ്മ്യൂണിറ്റി സെന്റര്‍ മുന്‍സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും വെബ്‌സൈറ്റ് സഹകരണരജിസ്ട്രാര്‍ എസ്. ലളിതാംബികയും ഉദ്ഘാടനം ചെയ്യും.
എല്ലാ വര്‍ഷവും കേരളത്തില്‍ 60,000 ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകുന്നതെന്ന് എംവിആര്‍സിസിആര്‍ഐയിലെ മെഡിക്കല്‍ സംഘം മേധാവി ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. ചെലവുകള്‍ അധികമാണെന്നതും ആശുപത്രികള്‍ ലഭ്യമല്ലെന്നതും ചികിത്സയ്ക്കായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നതുമാണ് രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്വകാര്യമേഖലയിലെ ഉദ്യമമായ എംവിആര്‍സിസിആര്‍ഐ ഇത്തരം കാര്യങ്ങളെല്ലാം പരിഹരിക്കുന്നതിനുവേണ്ടി പരിശ്രമിക്കുമെന്ന് ഡോ. വാര്യര്‍ പറഞ്ഞു.
സംസ്ഥാനത്തെമ്ബാടുമുള്ള സഹകരണ ആശുപത്രികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിലുള്ള രോഗികള്‍ക്ക് പോലും ചികിത്സ ലഭ്യമാകുന്നതിനായി ടെലിമെഡിസിന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ എംവിആര്‍സിസിആര്‍ഐ ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങളിലെ ഡോക്റ്റര്‍മാര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കുള്ള പരിശീലനവും എംവിആര്‍സിസിആര്‍ഐയിലെ ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശവും ലഭ്യമാക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി എംവിആര്‍സിസിആര്‍ഐയിലെ ഡോക്റ്റര്‍മാരുമായി ബന്ധപ്പെടുവാന്‍ ഈ രോഗികള്‍ക്ക് കഴിയും. സഹകരണമേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
300 കിടക്കകളുളള എംവിആര്‍സിസിആര്‍ഐയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് കാന്‍സറുമായി ബന്ധപ്പെട്ട 30 വകുപ്പുകളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ തുടങ്ങിയവയാണ് പ്രധാന വിഭാഗങ്ങള്‍. ഡിജിറ്റല്‍ മാമോഗ്രഫി, ഏറ്റവും കൃത്യമായ തോതിലുള്ള റേഡിയേഷന്‍ തെറാപ്പിക്കുവേണ്ടി ഉപയോഗിക്കുന്ന ലൈനാക്, റോബോട്ടിക് സര്‍ജറി പോലെയുള്ള ഏറ്റവും അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 150 കോടി രൂപ ചെലവിലാണ് ഇവിടുത്തെ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായി മെഡിക്കല്‍ സൈക്ലോട്രോണ്‍ ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനികമായ ലൈനാക് (ലീനിയര്‍ ആക്‌സിലറേറ്റര്‍ വിത് ആക്യുറേറ്റ് മെഷര്‍മെന്റ് ഓഫ് ഡോസ് ഡെലിവറി), പെറ്റ്/സിറ്റി സ്‌കാന്‍ മെഷീനുകള്‍, ആധുനികമായ അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീനുകള്‍ എന്നിവ ഇവിടെ സജ്ജമാണ്. ടോമോസിന്തസിസ് സൗകര്യത്തോടെയുള്ള ഡിജിറ്റല്‍ മാമോഗ്രാഫി ഉപയോഗിച്ച് കൃത്യമായി സ്തനാര്‍ബുദം കണ്ടെത്താനുള്ള സൗകര്യമുണ്ട്. റോബോട്ടിക് സര്‍ജറിയാണ് മറ്റൊരു പ്രധാന സൗകര്യം. കാന്‍സറിനായി ഏറ്റവും പുതിയ ചികിത്സകള്‍ ലഭ്യമാക്കുകയും മോളിക്കുലാര്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും രാജ്യത്തെതന്നെ ഏറ്റവും മികച്ച ഗവേഷണസംഘങ്ങളെ സജ്ജമാക്കുകയുമാണ് ആശുപത്രിയുടെ ലക്ഷ്യം.
ക്യാന്‍സര്‍ ചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുര്‍വേദം പോലെയുള്ളവയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ട്. ലോകപ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും പരിപാടിയുണ്ടെന്നും ഡോ. വാര്യര്‍. വൈസ്‌ചെയര്‍മാന്‍മാരായ പി.കെ. മുഹമ്മദ് അജ്മല്‍, ജി.കെ. ശ്രീനിവാസന്‍, ട്രഷറര്‍ ടി.എം. വേലായുധന്‍, സെക്രട്ടറി ടി.വി. വേലായുധന്‍, ജോയിന്റ് സെക്രട്ടറി പി.എസ്. സുബില്‍, കമ്മിറ്റി അംഗങ്ങളായ എന്‍. സുഭാഷ്ബാബു, എന്‍.സി. അബൂബക്കര്‍, കെ. അജയകുമാര്‍, ഇ. ഗോപിനാഥ്, കാലിക്കറ്റ് സര്‍വീസ് കോ. ഓപ്പ് ബാങ്ക് ഡയറക്റ്റര്‍ പി. ദാമോദരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha