കുമ്മനം കേന്ദ്രമന്ത്രി പദത്തിലേക്ക്; പകരം ആര് പ്രസിഡന്റാകണം എന്നതിനെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യത ശക്തമായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പകരം ആര് എന്ന ചര്‍ച്ചയും സജീവം. എംടി വാസുദേവന്‍ നായര്‍, കമല്‍, ചെഗുവേര വിഷയങ്ങള്‍ ഈ കരുനീക്കങ്ങളിലും ചര്‍ച്ചയാവുകയാണ്. പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവരില്‍ ആരെങ്കിലും പ്രസിഡന്റാകും എന്ന് സംസ്ഥാന ബിജെപിയിലെ രണ്ട് ഗ്രൂപ്പുകളും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വി മുരളീധരനെ മാത്രമല്ല കൃഷ്ണദാസിനെയും ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും സുരേന്ദ്രനെ വൈസ്പ്രസിഡന്റാക്കാനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന എന്നാണ് അറിയുന്നത്.
കുമ്മനത്തിന്റെ പിന്‍ഗാമി ആരാകും എന്ന ചോദ്യം പിന്നെയും ബാക്കിയാണ്. എന്നാല്‍ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരിലാരുമല്ലത്രെ അമിത് ഷായുടെ മനസില്‍. കുമ്മനത്തെ അപ്രതീക്ഷിതമായി ആര്‍എസ്എസുമായി കൂടിയാലോചിച്ച് പ്രസിഡന്റാക്കിയ രീതി തന്നെയായേക്കും ആവര്‍ത്തിക്കുക. പക്ഷേ, ആര് എന്ന് തീരുമാനമായിട്ടില്ല. അങ്ങനെയൊരു പേര് മുന്നില്‍ ഇല്ലാത്തതുകൊണ്ട് ആര്‍എസ്എസിന് ഏറ്റവും സ്വീകാര്യനെ പ്രസിഡന്റാക്കേണ്ടി വരും. ആ പട്ടികയില്‍ കയറിക്കൂടാനുള്ള ശ്രമത്തിലാണ് എഎന്‍ രാധാകൃഷ്ണനും കെ സുരേന്ദ്രനും പുറമേ എംടി രമേശും. അതിനിടെ, കേരളത്തില്‍ ബിജെപി സ്വീകരിക്കേണ്ടത് ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച സാമുദായിക ധ്രുവീകരണ രാഷ്ട്രീയമല്ലെന്നും മത ന്യൂനപക്ഷങ്ങളെക്കൂടി ഒപ്പം നിര്‍ത്തുന്ന സൗഹാര്‍ദ്ദ രാഷ്ട്രീയമാണ് എന്നുമുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണ്.
മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും മറ്റും നേതൃത്വം നല്‍കുന്ന ആ ചര്‍ച്ച പൊളിക്കാനും കൂടിയാണ് 'വെറുപ്പിന്റെ രാഷ്ട്രീയം' സജീവമാക്കുന്ന പുതിയ വിവാദം എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ചത്. അതിനോട് പരസ്യമായി പ്രതികരിക്കണോ എന്ന് ദിവസങ്ങളോളം അടുത്ത സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചാണ് പത്മനാഭന്‍ തീരുമാനമെടുത്തത്. കൈരളി ടിവി റിപ്പോര്‍ട്ടര്‍ സമീപിച്ചപ്പോള്‍ എതിര്‍വാദങ്ങള്‍ തുറന്നു പറഞ്ഞതോടെ വലിയ ചര്‍ച്ചയായി മാറി. ഇതോടെ രാധാകൃഷ്ണന്റെ നിലപാടുകളോടു വിയോജിപ്പുള്ള ബിജെപിക്കാര്‍ ഉള്‍പ്പെടെ നിര്‍ബന്ധിച്ചാണ് പത്മനാഭനെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ചത്. ഇതോടെ ചേരിതിരിവ് വ്യക്തമാവുക മാത്രമല്ല കുമ്മനത്തിന്റെ പിന്‍ഗാമി ആരാകണമെന്ന ആലോചനകള്‍ കൂടുതല്‍ സങ്കീര്‍ണവുമായി. സമവായ ലൈനാണോ അതോ അസഹിഷ്ണുതാ ലൈനാണോ കേരളത്തില്‍ വിലപ്പോവുക എന്നും ഇതിലേത് തന്ത്രം സ്വീകരിച്ചാലും അത് ആരുടെ നേതൃത്വത്തിലാകണം എന്നുമാണ് ഉള്‍പ്പാര്‍ട്ടി ഉരുള്‍പൊട്ടലുകള്‍.
https://www.facebook.com/Malayalivartha
























