സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും സ്ത്രീകളുടെ നമ്പറുള്‍പ്പെടെ നല്‍കാന്‍ കഴിയാത്ത അവസ്ഥ; കോളുകള്‍ റെക്കോഡ് ചെയ്തു പരാതിയുമായി യുവതി

മൊബൈല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് കാണിച്ച് വില്ലേജ് ഓഫീസ് ക്ലര്‍ക്കിനെതിരെ യുവതിയുടെ പരാതി. വീട് നിര്‍മാണത്തിന് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയതിനിടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ എല്‍ ഡി ക്ലര്‍ക്ക് തുടര്‍ച്ചയായി ശല്യപ്പെടുത്തുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. മസാജിങ്ങ് ചികിത്സയിലൂടെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മണര്‍കാട് സ്വദേശിയായ യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നത്.
സംഭവത്തില്‍ പീരുമേട് വില്ലേജ് ഓഫീസിലെ ക്ലര്‍ക്ക് ഗോപകുമാറിനെതിരെ യുവതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മുംബൈയിലെ കോളജ് അധ്യാപകന്റെ ഭാര്യയായ മണര്‍കാട് സ്വദേശിനി ഷൈനി ജോമോനാണ് ഈ ദുരനുഭവം. മുംബൈയില്‍ തന്നെയുള്ള സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലാണ് ഷൈനി ജോലി ചെയ്യുന്നത്. മൂന്നാഴ്ച മുമ്ബ് ഏലപ്പാറയിലുള്ള തങ്ങളുടെ വസ്തുവിന്റെ ജനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പീരുമേട് വില്ലേജ് ഓഫീസിലെത്തിയ ഷൈനി എല്‍.ഡി. ക്ലര്‍ക്കായിരുന്ന ഗോപകുമാറിനെ പരിചയപ്പെട്ടു. അപേക്ഷയില്‍ രേഖപ്പെടുത്തിയ തന്റെ ഫോണ്‍നമ്പര്‍ മനസിലാക്കിയ ഗോപകുമാര്‍ രണ്ടുദിവസത്തിനുള്ളില്‍ ഫോണിലേക്ക് വിളിച്ച് ശല്യം തുടങ്ങി. അപേക്ഷയെക്കുറിച്ചോ തുടര്‍നടപടികളെക്കുറിച്ചോ സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ തന്റെ ശരീരത്തെക്കുറിച്ചും ലൈഗീകച്ചുവയുള്ള സംസാരത്തിനുമാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.
ശരീരം സിനിമാ നടിമാരെപ്പോലെയാകാന്‍ സുഖചികിത്സ ആവശ്യമാണെന്നും വലിയ ചിലവില്ലാതെ താനിത് ചെയ്തു നല്‍കാമെന്നുമാണ് ഇയാള്‍ യുവതിയ്ക്കു നല്‍കുന്ന വാഗ്ദാനം. ഭര്‍ത്താവും വീട്ടിലുള്ളവരും ഇതേക്കുറിച്ച് അറിയരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു. പത്ത് വര്‍ഷമായി മുബൈയില്‍ സ്ഥിരതാമസമാക്കിയ തനിക്ക് അവിടെ നിന്നൊരിക്കലും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും സ്ത്രീകളുടെ ഫോണ്‍ നമ്പറുള്‍പ്പെടെ നല്‍കാന്‍ കഴിയാത്ത അവസ്ഥ പുറത്തു കൊണ്ടുവരാനാണ് ഭര്‍ത്താവിന്റെ അനുമതിയോടെ ഫോണ്‍വിളികള്‍ റെക്കോഡ് ചെയ്തതെന്നും ഷൈനി പറഞ്ഞു.
https://www.facebook.com/Malayalivartha
























