അച്ഛനെ നഷ്ടപ്പെട്ടിട്ടും അവളെത്തി കൂട്ടുകാര്‍ക്കുവേണ്ടി...

ഒപ്പന വേദിയില്‍ സുകന്യ മണവാട്ടിയ്ക്ക് ചുറ്റും നിറപുഞ്ചിരിതൂകി തോഴിമാര്‍ക്കൊപ്പം നിറഞ്ഞു കളിച്ചത് അച്ഛനെ നഷ്ട്ടപെട്ട തീരാ ദുഃഖത്തോടെയാണ്. ഒപ്പന കാണാന്‍ പ്രിയപ്പെട്ട അച്ഛനില്ല...മകള്‍ കലോത്സവ വേദിയിലെത്താന്‍ അത്രയേറെ ആഗ്രഹിച്ച അച്ഛന്‍ ഈ ലോകം വിട്ടുപോയത് കഴിഞ്ഞ ശനിയാഴ്ചയാണ്. അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ് പിറ്റേദിവസമാണ് സുകന്യ വേദിയിലെത്തിയത്. ഒപ്പന വേദിയില്‍ പുഞ്ചിരിയോടെയാണ് നിന്നതെങ്കിലും പ്രിയപ്പെട്ട അച്ഛനില്ലല്ലോ എന്ന വേദന പുറത്തുവരാതിരിക്കാന്‍ നന്നേ കഷ്ട്ടപ്പെട്ടു അവള്‍..
മകള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അച്ഛന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി മകളെ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിലവുകള്‍ക്കായി ക്ഷയരോഗം അലട്ടിയിട്ടും ശനിയാഴ്ച്ചയും സുഭാഷ് ചുമടെടുക്കാന്‍ പോയി. ജോലിക്കിടെ രക്തം ഛര്‍ദ്ദിച്ചായിരുന്നു സുഭാഷിന്റെ മരണം. കുടുംബത്തിലെ കഷ്ടപാടുകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അതറിയിക്കാതെയാണ് രണ്ട് പെണ്‍ മക്കളെയും സുഭാഷ് വളര്‍ത്തിയത്.
അഛന്റെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ് വൈകാതെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം സുകന്യ കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ഒപ്പന കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്ന അച്ഛന് താന്‍ പങ്കെടുക്കാതിരുന്നാല്‍ വിഷമമായേക്കുമെന്നു കരുതിയിട്ടുണ്ടാവും അവള്‍. മത്സരം കഴിയുന്നത് വരെ ഒരുതുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതിരുന്നതും അതുകൊണ്ടു തന്നെയാകും. നീയിങ്ങനെ കരഞ്ഞാല്‍ അച്ഛന്‍ വിഷമിക്കും കേട്ടോ... സ്‌റ്റേജിന് പുറത്തേക്ക് വന്ന് പൊട്ടിക്കരയുന്ന സുകന്യയെ ആശ്വസിപ്പിക്കാന്‍ ഇതിലേറെയൊന്നും കൂട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നില്ല.
ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിലെ ഒപ്പന ടീമിനൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സുകന്യ കണ്ണൂരെത്തിയത്. പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു സുകന്യ. അതിനു പുറമെ അത്‌ലറ്റിക് ഇനങ്ങളിലും സുകന്യ കഴിവുതെളിയിച്ചിട്ടുണ്ട്. പുഷ്പയാണ് അമ്മ, സഹോദരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha