പരിയാരത്ത് 'ആസ്ഥാന' പറ്റിപ്പുകാരനെ ജനം തല്ലിക്കൊന്നു; കൊലയാളികളെ പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് നല്‍കാതെ നാട്ടുകാര്‍

കണ്ണൂര്‍ പരിയാരത്ത് നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബക്കളം സ്വദേശി അബ്ദുള്‍ഖാദറിനെ (38) യാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. മര്‍ദ്ദനമേറ്റു ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ള അബ്ദുള്‍ഖാദറിനെതിരെ ബസിന്റെയും ഓട്ടോറിക്ഷകളുടെയും സീറ്റ് കുത്തിക്കീറല്‍, ജനങ്ങളെ കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടം നടന്നുവെന്ന വിവരം വിളിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരെ പറ്റിക്കല്‍, ഇല്ലാത്ത തീപിടുത്തം പറഞ്ഞ് ഫയല്‍ഫോഴ്‌സിനെ തെറ്റിദ്ധരിപ്പിക്കല്‍, ടാക്‌സി വിളിച്ചുവരുത്തിയ ശേഷം ഓട്ടം പോകാതെ മുങ്ങല്‍ തുടങ്ങിയവയാണ് അബ്ദുള്‍ഖാദറിനെ വിരോധിയാക്കുവാനുള്ള കാരണമായി നാട്ടുകാര്‍ പറയുന്നത്. അബ്ദുള്‍ഖാദറിനെ മര്‍ദ്ദിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടുകാര്‍ കൈമാറുന്നില്ലെന്നും പൊലീസ് അറിയിച്ചു.
പരിയാരം വായാട് തോട്ടീക്കര ഭാര്യവീടിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെ നാട്ടുകാര്‍ അബ്ദുള്‍ഖാദറിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.
അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം അക്രമികള്‍ റോഡരികില്‍ ഉപേക്ഷിച്ചു. രാത്രി ആയതിനാല്‍ അക്രമിസംഘം മാത്രമായിരുന്നു റോഡില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ അബ്ദുള്‍ഖാദറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. രാവിലെ നടക്കാനിറങ്ങിയവര്‍ വഴിയരികില്‍ ഒരാള്‍ കൈ കെട്ടിയ നിലയില്‍ കിടക്കുന്നത് കണ്ടെങ്കിലും അത് അബ്ദുള്‍ഖാദര്‍ ആണെന്നറിഞ്ഞപ്പോള്‍ സഹായിക്കാതെ പോവുകയായിരുന്നു. രാവിലെ കണ്ടെത്തുമ്പോള്‍ അബ്ദുള്‍ഖാദറിന് ജീവനുണ്ടായിരുന്നെന്നും ഏഴു മണിയോടെ മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പരിയാരം പൊലീസ് പറഞ്ഞു. ഷെരീഫയാണ് അബ്ദുള്‍ഖാദറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha