ലക്ഷ്യം വെക്കുന്നത് ജേക്കബ് തോമസിനെത്തന്നെ: പദ്മകുമാറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നു.. ചീഫ് സെക്രട്ടറി

ഒരു വിഭാഗം ഐ.എ.എസ്. ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്നിവര്‍ തമ്മിലുള്ള ശീതയുദ്ധം തുടരുന്ന അവസ്ഥയില്‍ സിമന്റ് ഡീലര്‍മാര്‍ക്ക് റിബേറ്റ് നല്‍കിയ വകയില്‍ സ്ഥാപനത്തില്‍ നിന്ന് 2.70 കോടി നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തില്‍ പദ്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് നിയമത്തിന് നിരക്കുന്നതല്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്.
പൊതുമേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വിജിലന്‍സ് നടപടികള്‍ തുരങ്കംവച്ചെന്ന് ആരോപിക്കുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. വിജിലന്‍സിന്റെ ഈ നടപടി മേലുദ്യോഗസ്ഥരുടെ വീര്യം തകര്‍ത്തു. മലബാര്‍ സിമന്റ്‌സില്‍ ഉല്പാദന സ്തംഭനമുണ്ടായി. വാളയാറിലെ യൂണിറ്റ് പൂര്‍ണമായും നിലച്ചു. സിമന്റ് വിപണിയില്‍ സ്വകാര്യമേഖല പിടിമുറുക്കിയതിന്റെ ഫലമായി സിമന്റ് വില കൂടി എന്നീ ആരോപണങ്ങളും ഫയലില്‍ ചീഫ്‌സെക്രട്ടറി പറയുന്നു. കൂടാതെ നടന്നിരിക്കാന്‍ സാധ്യതയുള്ള ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും സ്വകാര്യ സിമന്റ് കമ്പനികളുമായി ഗൂഢാലോചന നടത്തി പൊതുമേഖലാ കമ്പനിയായ മലബാര്‍ സിമന്റ്‌സിനെ വിജിലന്‍സ് തകര്‍ക്കുകയാണ്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു നീതീകരണവുമില്ലാത്ത അറസ്റ്റാണ് ഇത്. പദ്മകുമാറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃതം വിജിലന്‍സിന് ലഭ്യമായ അധികാരത്തിനുമപ്പുറത്തുള്ള അതിരുവിട്ട നടപടിയാണ്. കളങ്കമില്ലാത്ത മിടുക്കനായ ഉദ്യോഗസ്ഥനാണ് പദ്മകുമാര്‍ എന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പദ്മകുമാറിനെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ല പകരം വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് സെക്രട്ടറിയായി ഉടന്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ഡിസംബര്‍ 27ന് മുഖ്യമന്ത്രിക്ക് നല്‍കിയ ഫയല്‍ വകവയ്ക്കാതെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അവധിയെടുക്കലിലും തുടര്‍ന്ന് മുഖ്യമന്ത്രി ക്ഷുഭിതനാകുന്നതിലേക്കും നയിച്ചത്. പദ്മകുമാറിന്റെ അറസ്റ്റിലൂടെ കമ്പനിക്കുണ്ടായതായി പറയുന്ന ക്ഷീണവും സ്വകാര്യ മേഖലയ്ക്കുണ്ടായ നേട്ടവും വ്യവസായമന്ത്രി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha