പ്രവര്‍ത്തിക്കുന്നത് വ്യാജ അനുമതി പത്രത്തില്‍; ടോംസ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ്

കോളേജില്‍ നടക്കുന്നതെല്ലാം തോന്നിയപോലെ. മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വകലാശാലയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സാങ്കേതിക സര്‍വകാലാശാലയില്‍ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടോംസ് കോളേജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
അനുമതിയില്ലാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അതീവഗുരുതരമാണ്. പരാതികള്‍ ഉചിതമായ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്യുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ടോംസ് കോളേജിന് 2016-17 വര്‍ഷത്തെ അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍വകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാല്‍ അനുമതിയും നല്‍കിയിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് രജിസ്്ട്രാറുടെ പേരില്‍ അനുമതിപത്രം ലഭിച്ചതായും സര്‍വകലാശാല ഇമെയിലില്‍ അയച്ചു തരികയായിരുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം. ഈ അനുമതി പത്രത്തില്‍ ഒപ്പോ ക്യൂആര്‍ കോഡോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തല്‍.
അഫിലിയേഷന്‍ അപേക്ഷ സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്ന് രജിസ്ട്രാര്‍ പറയുന്നു. ഉന്നത ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ അക്കാദമിക് വിഭാഗത്തില്‍ നിന്ന് അനധികൃതമായി ഇത്തരമൊരു അനുമതി നല്‍കിയതാണെന്ന് കരുതുന്നു. സര്‍വകലാശാലയുടെ ഇഗവേണിങ് സംവിധാനത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ടോംസ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തു. കോളേജിലെ സ്ഥിതി ഭയാനകമാണെന്നാണ് വനിതാ കമ്മീഷന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക പീഡനം നേരിട്ടുവെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
കോളേജില്‍ സര്‍വകലാശാല നിയമപ്രകാരം വേണ്ട ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന് നേരത്തെ സാങ്കേതിക സര്‍വകലാശാല അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മറ്റൊരു കെട്ടിടം കാട്ടി സര്‍വകലാശാലയെ കബളിപ്പിച്ചാണ് ടോംസ് കോളേജ് അംഗീകാരം നേടിയതെന്നും കണ്ടെത്തി. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ടോംസ് കോളേജ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നത്.
https://www.facebook.com/Malayalivartha