രസീലയുടെ മരണം.പ്രതി ബാബന്‍ സൈക്കിയക്ക് പിറകില്‍ മറ്റാരൊ.ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

ആരോ വരുന്നുണ്ട്, ഞാന്‍ തിരിച്ചുവിളിക്കാം..' ഇതായിരുന്നു ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രസീല രാജുവിന്റെ അവസാന വാക്കുകള്‍. ബന്ധുവായ അഞ്ജലി നന്ദകുമാറുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൊലയാളി രസീലയുടെ ഓഫീസിലെത്തിയത്.
ആരോ വരുന്നതായി മനസ്സിലാക്കി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു രസീലയെന്ന് അഞ്ജലി പറയുന്നു. എന്നാല്‍ പിന്നീട് രസില തിരിച്ചുവിളിച്ചില്ല. അപ്പോള്‍ കടന്നുവന്ന ആളാണ് രസീലയെ കൊലപ്പെടുത്തിയതെന്നാണ് കരുതേണ്ടത്.
പൂനെ ഇന്‍ഫോസില്‍ കൊല്ലപ്പെട്ട കോഴിക്കോട് പയിമ്പ്ര സ്വദേശി രസീല രാജുവിന്റ മരണത്തില്‍ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ വമ്പന്മാരുണ്ടെന്നും ഈ കാര്യത്തില്‍ പൂനെ പോലീസിനെ വിശ്വാസമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
പൂനയില്‍ നിന്ന് സ്ഥലം മാറ്റം ലഭിക്കാത്തതിലുള്ള സങ്കടവും ആധിയും പങ്കുവെച്ചായിരുന്നു രസീല രാജുവിന്റെ അവസാന ഫോണ്‍ സംഭാഷണം. മാനേജരില്‍ നിന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചും രസീല സൂചിപ്പിച്ചു. ബന്ധുവായ അഞ്ജലി നന്ദകുമാറുമായാണ് രസീല അവസാനം ഫോണില്‍ സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് 4.55നായിരുന്നു അത്.
താന്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രൊജക്ടാണ് സ്ഥലം മാറ്റം നിര്‍ണയിക്കുകയെന്നും ഫെബ്രുവരി ആദ്യത്തില്‍ സ്ഥലം മാറ്റമുണ്ടാവുമെന്നുമുള്ള പ്രതീക്ഷയും രസീല പ്രകടിപ്പിച്ചിരുന്നു. മാനേജര്‍ക്ക് തന്നോടുള്ള ഇഷ്ടക്കേടിനെ കുറിച്ചും അഞ്ജലിയോട് രസില പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ ആരോ തന്റെ കാബിനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
മാനേജരുടെ ഭീഷണിയെ കുറിച്ച് രസീല പറഞ്ഞിരുന്നതായി നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. മാനേജര്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതാണ് വിരോധത്തിന് കാരണം. സ്ഥലം മാറ്റത്തെ കുറിച്ച് പറഞ്ഞ രസീലയോട് മാനേജര്‍ കയര്‍ക്കുകയും പാഠം പഠിപ്പിക്കുമെന്ന് പറയുകയും ചെയ്തതായി സഹോദരന്‍ പറയുന്നു.
എന്നാല്‍ പ്രതിയാണെന്ന് പറയുന്ന ബാബന്‍ സൈക്കിയയെ കുറിച്ച് മകള്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും രാജു പറയുന്നു. തുറിച്ചു നോക്കിയതിന് പരാതി നല്‍കുമെന്ന് പറഞ്ഞതിന്റെ ദ്വേഷ്യം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് കൊലപാതകം നടന്നതെന്ന പ്രതിയുടെ മൊഴി അങ്ങേഅറ്റം ബാലിശമാണെന്നും ഇയാള്‍ക്ക് പിറകില്‍ മറ്റാരൊക്കെയോ ആണെന്നും ആണ് ബന്ധുക്കള്‍ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha