നത്തോലി ഒരു ചെറിയ മീനല്ല... ഒരു നത്തോലിയുടെ ചാട്ടം വിജയം കണ്ടതോടെ മറ്റുള്ള നത്തോലിപ്പാര്‍ട്ടികളും സിപിഎമ്മിനെ വിരട്ടി തുടങ്ങി, അങ്കലാപ്പില്‍ സിപിഎം

നത്തോലി ഒരു ചെറിയ മീനല്ലെന്ന് സിപിഎമ്മിന് പ്രത്യേകിച്ചും പിണറായി വിജയന് മനസിലായത് ഈ അടുത്ത കാലത്താണ്. എല്ലാവര്‍ഷവും തെരഞ്ഞെടുപ്പു വേളയില്‍ ഇരുമുന്നണികളിലേയും ചില നത്തോലി പാര്‍ട്ടികള്‍ സീറ്റിനായി മുറുമുറുക്കാറുണ്ട്. നിയമസഭാ സീറ്റില്‍ നത്തോലികള്‍ക്ക് ആവശ്യത്തിന് സീറ്റ് കിട്ടുമെങ്കിലും ലോക്‌സഭാ സീറ്റിന്റെ കാര്യം വരുമ്പോള്‍ സ്വാഹ. അത് നത്തോലി പാര്‍ട്ടിക്കാര്‍ക്ക് തന്നെ അറിയാം. സീറ്റിനായി ചില അവകാശ വാദങ്ങള്‍ ഉന്നയിക്കുമെങ്കിലും അതെല്ലാം സാവകാശം കെട്ടടുങ്ങും.
എല്‍ഡിഎഫിന്റെ അകത്താണെങ്കില്‍ , എല്ലാ നത്തോലികളില്‍ നിന്നും ലോഹ്യം പറഞ്ഞും വിരട്ടിയും കാലാകാലങ്ങളില്‍ ലോക്‌സഭ സീറ്റ് സിപിഎം പിടിച്ചു വാങ്ങി. ഗതികെട്ട പല നത്തോലികളും അടുത്ത യുഡിഎഫ് കുളത്തില്‍ ചാടി.
നത്തോലികള്‍ പരല്‍മീനുകള്‍ക്ക് വല്ലപ്പോഴും ഭക്ഷണമാകുന്നതു കൊണ്ട് ഈ നത്തോളികളെ ഇരു മുന്നണികളും ഇരുകൈയ്യും നീട്ടി സ്വീകരിക്കാരുണ്ട്.
ഇനി ആര്‍എസ്‌പിയുടെ കാര്യം. പതിറ്റാണ്ടിന് മുമ്പ് ആര്‍എസ്‌പി പാര്‍ട്ടിയിലെ അനൈക്യം പിളര്‍പ്പിലേക്ക് പോയപ്പോള്‍ ഷിബുബേബിജോണ്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറി. തുടര്‍ന്ന് ചന്ദ്രചൂഡന്‍ , പ്രേമചന്ദ്രന്‍ തുടങ്ങിയ ന്യൂനപക്ഷം എല്‍ഡിഎഫില്‍ ഉറച്ചു നിന്നു. അപ്പോഴേക്കും ശരിക്കും നത്തോലി പാര്‍ട്ടിയായി ക്ഷയിച്ച ആര്‍എസ്‌പിയെ രക്ഷിച്ചത് എല്‍ഡിഎഫാണ്. ഘടകകക്ഷിയെന്ന പരിഗണന നല്‍കി ആര്‍എസ്‌പിക്കാരെ മന്ത്രിയാക്കി. പകരം നത്തോലിക്കെന്തിന് ലോക്‌സഭ സീറ്റ് എന്ന നാട്ടു നടപ്പുവെച്ച് സീറ്റ് പിടിച്ചു വാങ്ങിച്ചു. നത്തോലികളായ പാവങ്ങള്‍ക്ക് പരല്‍മീനായ സിപിഎമ്മിനോട് ഒന്ന് പരാതിപ്പെടാന്‍ പോലും കഴിഞ്ഞില്ല.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ നിന്നും വിട്ടു പോകുമെന്ന് ആര്‍എസ്‌പി പറഞ്ഞത് കേരളം ഇപ്പോഴും ഓര്‍ക്കുന്നു. സിപിഎം അനങ്ങിയില്ലന്നു മാത്രമല്ല വിരട്ടുകയും ചെയ്‌തു. അവസാനം നാണംകെട്ട് പറഞ്ഞത് തിരുത്തിപ്പറയേണ്ടിയും വന്നു.
ഇത്തവണയും തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആര്‍എസ്‌പി പഴയ പല്ലവി ആരംഭിച്ചു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ പരല്‍ മിനുകളായ 16 സീറ്റുള്ള സിപിഎമ്മോ 4 സീറ്റുള്ള സിപിഐയോ തയ്യാറായില്ല. മാത്രമല്ല സിപിഐയുടെ തിരുവനന്തപുരം എങ്ങനെ കൈക്കലാക്കാമെന്നുള്ള ഗവേഷണത്തിലായിരുന്നു സിപിഎം. ഇന്നസെന്റിനും എന്തിന് കോണ്‍ഗ്രസുകാരനു പോലും സീറ്റു നല്‍കിയതോടെ നത്തോലികള്‍ കലപിലയുണ്ടാക്കി. അതൊക്കെ പതിവ് പല്ലവിയെന്ന് ഓര്‍ത്ത സിപിഎം വെട്ടിലായി. നത്തോലി പുര നിറഞ്ഞ് വലിയ മീനാണെന്ന കാര്യം സിപിഎം അറിഞ്ഞില്ല. രായ്‌ക്ക് രാമാനം നത്തോലികള്‍ മറുകണ്ടം ചാടി. നത്തോലി പുരനിറഞ്ഞ് നില്‍ക്കുന്ന കാര്യം മനസിലാക്കാത്തതില്‍ ഇപ്പോള്‍ തമ്മില്‍തല്ലിലാണ് പരല്‍മീനായ സിപിഎം.
ഒരു നത്തോലി ചാടിയതോടെ എല്‍ഡിഎഫ് കുളത്തിലുള്ള മറ്റ് നത്തോലികളും ഗ്രഹണം കണ്ടപോലെ തല പൊക്കുകയാണ്. എല്‍ഡിഎഫിലെ ഘടക കക്ഷികളായ ജനതാദള്‍ മുതല്‍ തീരെ മെലിഞ്ഞ നത്തോലിയായ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം വരെ ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജനതാദളാവട്ടെ സീറ്റ് കിട്ടിയില്ലങ്ങില്‍ ആര്‍എസ്‌പിയുടെ വഴിയേ നീങ്ങുമെന്നാണ് പറയുന്നത്.
ഈ നത്തോലികളെല്ലാം തന്നെ കാലാകാലങ്ങളില്‍ മാതൃപാര്‍ട്ടി പിളര്‍ന്ന് സ്വന്തം താത്‌പര്യത്തിനായി ഉറച്ച് നിന്നവരാണ്. എത്ര അണികളുണ്ട് എന്നൊന്നും ചോദിക്കരുത്.
യുഡിഎഫില്‍ നിന്നും ചില നത്തോലികളെ പിളര്‍ത്തി ഭരണത്തിലേറാമെന്ന് കരുതിയ സിപിഎമ്മിന് തെറ്റി. അപ്പോഴേക്കും സ്വന്തം നത്തോലികള്‍ കൈവിട്ടുപോയി. എന്തായാലും ഇപ്പോള്‍ സിപിഎം ഏറ്റവുമധികം പേടിക്കുന്നത് ബാക്കിയുള്ള നത്തോലികളേയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























