പള്‍സര്‍ സുനിയില്‍ നിന്ന് ഗുണ്ടാ സുനിയിലേക്ക്...

കൊച്ചിയില്‍ പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിലായ കൊടും ക്രിമിനല്‍ സുനി, പള്‍സര്‍ സുനിയായതും ഗുണ്ടാ സുനിയായതും വളരെപെട്ടെന്നാണ്. നടിയുടെ മുന്‍ ഡ്രൈവറുമായിരുന്ന സുനില്‍ ആഡംബര വാഹനങ്ങളില്‍ ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്. നാട്ടിലെത്തി അയല്‍വാസികളോടും സുഹൃത്തുക്കളോടും കമ്പനി കൂടിയ ശേഷം തിരികെ പോയാല്‍ പിന്നെ വരുന്നതു മാസങ്ങള്‍ക്കു ശേഷമാകും. ബൈക്കുകളില്‍ ഇഷ്ടവാഹനം പള്‍സറായതോടെ 'പള്‍സര്‍ സുനി'യെന്ന ഇരട്ടപ്പേരു വീണു. മോഷ്ടിച്ചതും അല്ലാത്തതുമായ ബൈക്കുകളില്‍ ഇയാള്‍ നാട്ടില്‍ കറങ്ങാറുണ്ട്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പഠനകാലം മുതല്‍ കേസിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടിരുന്നതായും നാട്ടുകാര്‍ ഓര്‍ക്കുന്നു.
അച്ഛനും അമ്മയും സഹോദരിയും അടങ്ങിയ സാധാരണ കുടുംബത്തിലെ അംഗമാണ് സുനില്‍. അച്ഛന്‍ കൂലിപ്പണിയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. കോടനാട് സ്‌റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ താമസിക്കുന്നത്. ഈ സ്‌റ്റേഷനില്‍ 2006ല്‍ റജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണമാണ് ജന്മനാട്ടില്‍ ആകെയുള്ള കേസ്. മറ്റു കേസുകള്‍ എല്ലാം നാടിനു പുറത്താണ്. കളമശേരി, ഏലൂര്‍ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുള്ളതായി പൊലീസ് പറഞ്ഞു
നാടുമായി അധികം ബന്ധമില്ലാത്ത പള്‍സര്‍ സുനി ഭീഷണിപ്പെടുത്തി പണം തട്ടല്‍, വാടകയ്‌ക്കെടുത്ത കാറുകള്‍ തിരികെ നല്‍കാതെ കബളിപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. പാറമടകളും മണ്ണെടുക്കലുമുള്ള കോടനാട് മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ടെങ്കിലും അവരുമായി സുനിലിനു ബന്ധമില്ല. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായാണ് അടുപ്പം. ഈ അടുപ്പം സുനിയെ ആരെയും ഭയമില്ലാത്ത കൊടും കുറ്റവാളിയാകാനുള്ള ഒരാളാക്കി മാറ്റി. കുടുംബത്തെയും വൃദ്ധ മാതാപിതാക്കളെയും നോക്കാന്‍ തയ്യാറല്ലായിരുന്ന പള്‍സര്‍ സുനി അങ്ങനെ കുടുംബത്തിനും വെറുക്കപെട്ടവനായി.
https://www.facebook.com/Malayalivartha























