വലതുകൈ ഇല്ലാതെ ജനിച്ച കുഞ്ഞിനെ ചൊല്ലി ആശുപത്രിയ്ക്ക് മുന്നില്‍ സംഘര്‍ഷം; 'ആര്‍ക്കും വേണ്ടെങ്കില്‍ കുട്ടിയെ ഞാന്‍ നോക്കിക്കൊള്ളാം' എന്ന് എസ്.ഐ

വലതുകൈ ഇല്ലാതെ ജനിച്ച കുഞ്ഞിനെ ചൊല്ലി കുട്ടിയുടെ പിതാവും ബന്ധുക്കളും ആശുപത്രിയ്ക്ക് മുന്നില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥ അവസാനിച്ചത് എസ്.ഐ ഗിരിലാലിന്റെ സമയോചിതമായ ഇടപെടലിലൂടെ. തന്റെ കുഞ്ഞിന് സ്‌കാനിങില്‍ കുഴപ്പം ഒന്നും ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ലെന്നും ഈ കുട്ടി തങ്ങളുടേതല്ലെന്നും പറഞ്ഞാണ് കുട്ടിയുടെ പിതാവ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഒരു കാരണവശാലും ഈ കുട്ടിയേയും കൊണ്ട് പോകില്ലെന്നും ആശുപത്രി അധികൃതര്‍ കുട്ടിയെ മാറ്റിയതാണെന്നും പറഞ്ഞുകൊണ്ട് കുട്ടിയുടെ പിതാവ് ബഹളം വച്ചതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥലത്തെത്തിയ എസ്.ഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം എത്തിയത്.
'ആര്‍ക്കും വേണ്ടെങ്കില്‍ കുട്ടിയെ ഞാന്‍ നോക്കിക്കൊള്ളാം' എന്നതായിരുന്നു എസ്.ഐയുടെ വാക്കുകള്‍. ആശുപത്രിയില്‍ കൂടി നിന്നവരെല്ലാം എസ്.ഐയുടെ വാക്കുകള്‍ ശരിവെച്ചു. തന്റെ ഭാര്യ ഗര്‍ഭിണിയായതു മുതല്‍ ഇതേ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നതെന്നും ആദ്യമാസം മുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിയ്ക്ക് കുഴപ്പമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നല്ലെന്നും യുവാവ് പറഞ്ഞു. ഇത് തന്റെ കുട്ടിയല്ലെന്നും ഇനി തന്റെ കുട്ടിയാണെങ്കില്‍ തന്നെ ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ വീഴ്ച തങ്ങള്‍ എങ്ങനെ സഹിക്കണമെന്നും സ്ഥലത്തെത്തിയ പോലീസിനോട് യുവാവ് ചോദിച്ചു.
സിസേറിയന്‍ കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വലതുകൈ പൂര്‍ണ്ണമായിട്ടും ഇല്ലെന്നും ഒരു കാലിന് വളവുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതുകേട്ട് പരിഭ്രമിച്ച തന്റെയും ബന്ധുക്കളുടെയും നേരെ ആശുപത്രി അധികൃതര്‍ ക്ഷുഭിതരായെന്നും ഇതൊന്നും ഗണിച്ചറിയാന്‍ തങ്ങള്‍ ജോത്സ്യമൊന്നും പഠിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പരിഹസിച്ചുവെന്നും യുവാവ് പറയുന്നു.
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെയും ആശുപത്രിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെങ്കിലും വലിയ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വന്നേക്കില്ലെന്നാണ് സൂചന. കുട്ടി മാറിയിട്ടുണ്ടോ എന്നത് ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടെത്താനാകും. കുട്ടി മാറിയിട്ടില്ലെന്ന് തെളിഞ്ഞാല്‍ വൈകല്യമുള്ള കുട്ടി ജനിച്ചുവെന്ന പേരില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആകില്ലെന്നാണ് വിഷയത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭസ്ഥ ശിശു അമ്മയുടെ ജീവന് അപകടം സൃഷ്ടിക്കുന്നുവെങ്കില്‍ മാത്രമേ ഗര്‍ഭധാരണം ഒഴിവാക്കാനാകൂ എന്നും കുട്ടിയ്ക്ക് വൈകല്യങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെന്നതിനാല്‍ ഭ്രൂണഹത്യ നടത്തുന്നത് മെഡിക്കല്‍ എത്തിക്‌സിന് യോജിച്ചല്ല.
https://www.facebook.com/Malayalivartha

























