അതിരപ്പിള്ളി വൈദ്യൂതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് ; സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചു

അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ആകെ ചെലവു 936 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോള്‍ ചാലക്കുടിപ്പുഴയിലൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്. പുതിയ ഡാം നിര്‍മിക്കുന്നതോടെ ഈ വെള്ളം മുകളില്‍ തടഞ്ഞുനിര്‍ത്തും.
ഡാമില്‍നിന്നു മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണങ്കുഴിയില്‍ എത്തിച്ചാണു വൈദ്യുതി ഉല്‍പാദിപ്പിക്കുക. വൈദ്യുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍നിന്ന് 7.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടുകയും ചെയ്യും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെയാണ് ഈ സ്ഥലം. പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന് 84.4 ലക്ഷം ഘനമീറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ശേഷിയേ ഉള്ളു. ഇത് ഉപയോഗിച്ച് ആറു മണിക്കൂര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാം. വെള്ളം പൂര്‍ണമായും തടഞ്ഞുനിര്‍ത്തിയാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും.
ഈ സാഹചര്യത്തില്‍ പുതിയ ഡാമിനു തൊട്ടുതാഴെ മൂന്നു മെഗാവാട്ടിന്റെ ചെറിയ വൈദ്യുത നിലയം കൂടി ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസില്‍ 48 മെഗാവാട്ട് ഉല്‍പാദനമുണ്ടെങ്കിലും രാത്രിയില്‍ മാത്രമേ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാറുള്ളു. പകല്‍ ശരാശരി എട്ടു മെഗാവാട്ട് മാത്രമാണ് ഉല്‍പാദനം. ഈ വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടമായി താഴേക്ക് ഒഴുകുന്നത്.
പെരിങ്ങല്‍ക്കുത്തില്‍ ശരാശരി എട്ടു മെഗാവാട്ട് ഉല്‍പാദിപ്പിക്കുമ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അത്രയും വെള്ളം പുതിയ ഡാമിനു താഴെ സ്ഥാപിക്കുന്ന മൂന്നു മെഗാവാട്ട് നിലയത്തിനു വേണ്ടി പുറത്തേക്കു വിടുമെന്നാണു ബോര്‍ഡിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോഴത്തേതു പോലെ തുടരും.
പെരിങ്ങല്‍ക്കുത്തില്‍ വേനല്‍ക്കാലത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം സെക്കന്‍ഡില്‍ 7.65 ഘനമീറ്റര്‍ വെള്ളമാണു പകല്‍സമയത്തു പുറത്തുവിടുന്നത്. പുതിയ ഡാമിനു താഴെയുള്ള മൂന്നു മെഗാവാട്ട് നിലയത്തില്‍നിന്ന് ഇത്രയും തന്നെ വെള്ളം പുറത്തുവിടുമെന്നും അതിലൂടെ വര്‍ഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നും ബോര്‍ഡ് പറയുന്നു. അതിരപ്പിള്ളി പദ്ധതിയുടെ പ്രധാന പവര്‍ ഹൗസില്‍ 80 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണു സ്ഥാപിക്കുക. രണ്ടു പവര്‍ ഹൗസുകളില്‍നിന്നുമായി 163 മെഗാവാട്ട് ലഭിക്കും. വര്‍ഷം കുറഞ്ഞത് 23.3 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള അനുമതിയാണു കേന്ദ്ര വൈദ്യുതി അതോറിറ്റി നല്‍കിയിരിക്കുന്നതെങ്കിലും നല്ല മഴ ലഭിച്ചാല്‍ വര്‍ഷം 60 കോടി യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കാമെന്നു വിദഗ്ധര്‍ പറയുന്നു.
പദ്ധതി നടപ്പാക്കിയാല്‍ 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കും. ഇതില്‍ 42 ഹെക്ടറിലെ മരം മുറിക്കണം. ടണല്‍ പോകുന്ന 14.2 ഹെക്ടര്‍ ഏറ്റെടുക്കുമെങ്കിലും പിന്നീടു വനം വകുപ്പിനു തിരികെ നല്‍കും. 104.4 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകും. ഇതില്‍ 36.8 ഹെക്ടര്‍ തേക്കു തോട്ടമാണ്. കേന്ദ്ര പരിസ്ഥിതിവനം വകുപ്പുകളും കേന്ദ്ര ജല കമ്മിഷനും കേന്ദ്ര വൈദ്യുതി അതോറിറ്റിയും പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസില്‍നിന്നു പുറത്തേക്കു വിടുന്ന വെള്ളവും അതിരപ്പിള്ളിയിലെ 26 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു ലഭിക്കുന്ന വെള്ളവും ഉപയോഗിച്ചാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ 94 ശതമാനവും പെരിങ്ങല്‍ക്കുത്തിലെ വെള്ളമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു 13 കിലോമീറ്റര്‍ താഴെ ജലവിഭവ വകുപ്പിന്റെ ഏഴു മീറ്റര്‍ ഉയരമുള്ള തടയണയുണ്ട്. അവിടെനിന്നു കൃഷിക്കു വെള്ളം വിതരണം ചെയ്തുവരുന്നു. അതിരപ്പിള്ളിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം വെള്ളം തുറന്നുവിടുന്നത് ഈ തടയണയിലേക്ക് ആയതിനാല്‍ ജലസേചനത്തെ പദ്ധതി ബാധിക്കില്ലെന്നു പ്രോജക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























