നിക്കാഹ് വേണ്ട എനിക്കിനിയും പഠിക്കണം ഫോണിലൂടെ അവള്‍ കരഞ്ഞുപറഞ്ഞു

ചില സംഭവങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്, കാലം മാറിയാലും മനുഷ്യന്റെ യാഥാസ്ഥിതിക മനഃസ്ഥിതിക്ക് മാറ്റമൊന്നും കാണില്ല എന്ന്. മതപരമായും സാമൂഹികപരമായും അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവര്‍ എല്ലാക്കാലത്തും അത് അനുഭവിച്ചുകൊണ്ടിരിക്കും. അടുത്തദിവസങ്ങളില്‍ മലപ്പുറത്ത് നടന്ന ഒരു സംഭവമാണ് നമ്മളെക്കൊണ്ട് വീണ്ടും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശൈശവ വിവാഹം നിയമവിരുദ്ധമായ ഇക്കാലത്ത് വീണ്ടും അത് നടക്കുന്നുവെങ്കില്‍ നമ്മുടെ നിയമത്തിനോ സമൂഹത്തിനോ എന്തോ കുഴപ്പമുണ്ടെന്നാണ് അര്‍ഥം. എന്നാല്‍ എല്ലാം പൊളിച്ചെഴുതാന്‍ ഭാവി തലമുറയ്ക്ക് പ്രാപ്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് മലപ്പുറത്തെ ഈ സംഭവം.
പഠിപ്പ് നിര്‍ത്തി വീട്ടുകാര്‍ കെട്ടിച്ചുവിടാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. ഒരേയൊരു ഫോണ്‍ കോളാണ് പിന്നീടവള്‍ ചെയ്തത്, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക്. എല്ലാക്കാര്യങ്ങളും വിവരിച്ചു പറഞ്ഞു. ഈ വിവാഹം നടന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും, വീണ്ടും പഠിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. കൂടെ തന്റെ കൂട്ടുകാരികള്‍ക്ക് വേണ്ടി യാചിക്കാനും മറന്നില്ല. സംഗതിയുടെ ഗൗരവം മനസ്സിലായതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു. അവളുടെ മാത്രമല്ല മറ്റു ഒന്‍പത് വിദ്യാര്‍ത്ഥിനികളുടെ വിവാഹത്തിനുകൂടി അവര്‍ തടയിട്ടു.

പ്രാഥമികമായി ലഭിച്ച വിദ്യാഭ്യാസം കൊണ്ട് നേടിയെടുത്ത അറിവാണ് ഇത്തരമൊരു റെസ്‌ക്യൂ മിഷന് അവള്‍ക്ക് ധൈര്യം പകര്‍ന്നത്. ഒരൊറ്റ ഫോണ്‍ കോളിലൂടെ അവള്‍ തിരിച്ചുപിടിച്ചത് സ്വന്തം ജീവിതം മാത്രമായിരുന്നില്ല, കൂട്ടുകാരികള്‍ക്ക് കൂടി പുതുജീവന്‍ നല്‍കുകയായിരുന്നു ആ പെണ്‍കുട്ടി. 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കാണ് പെണ്‍കുട്ടി വിളിച്ചത്.
https://www.facebook.com/Malayalivartha























