കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തു. റോയ്മാത്യുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. റോയ്മാത്യു പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
റോയി മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയില്‍ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തിനൊപ്പം എത്തിയ ഉദ്യോഗസ്ഥര്‍ ചെക്ക് ഇന്‍ ചെയ്യുന്നത് വൈകിയതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആരുംതന്നെ എത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ശനിയാഴ്ച രാവിലെയാണ് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ റോയ് മാത്യുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. ഒന്‍പത് മണിയോടെ പുറത്തെത്തിച്ച മൃതദേഹം ഒരുമണിക്കൂര്‍ ട്രോളിയില്‍ കിടന്നു. ഏറ്റുവാങ്ങാനോ ആംബുലന്‍സില്‍ കയറ്റാനോ സൈന്യം തയാറായില്ലന്ന് ബന്ധുക്കള്‍ ആരോപിച്ചു. റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം സൈന്യം ആദ്യം നിഷേധിച്ചതും പ്രതിഷേധത്തിനിടയാക്കി.
മേലധികാരിക്കെതിരേ സ്വകാര്യ ചാനലില്‍ പ്രസ്താവന നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യുവിനെ ജീവനൊടുക്കിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ദേവ്‌ലാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്ന നിലയിലായിരുന്നു.
https://www.facebook.com/Malayalivartha























