ഇങ്ങനെയാണ് നാട്ടിലെ സ്ഥിതിയെങ്കില്‍ ആരെങ്കിലും സഹായിക്കുമോ? വിദ്യാര്‍ത്ഥികളെ സഹായിക്കാനെത്തിയ യുവാവിനെ സദാചാര ഗുണ്ടകളും പൊലീസും കുറ്റവാളിയാക്കി

ഇങ്ങനെ പോയാല്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കില്ല. സഹായിക്കാന്‍ വരുന്നവനെ പിടിച്ച് പ്രതിയാക്കുന്ന സ്ഥിതി. സദാചാര ഗുണ്ടായിസം അരങ്ങ് വാഴുകയാണ് കേരളത്തില്‍. സദാചാര ഗുണ്ടകളെ സഹായിച്ച കരുനാഗപ്പള്ളി പൊലീസിനെതിരെ ഡിജിപിക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും സംസ്ഥാന യുവജന കമ്മീഷനും ബികോം വിദ്യാര്‍ത്ഥിനിയുടെ പരാതി.
ബസ് സ്‌റ്റോപ്പില്‍ സംസാരിച്ച് നിന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോയെടുത്ത് ചില യൂണിയന്‍കാര്‍ സദാചാര പൊലീസിങിന് ഇറങ്ങിയപ്പോള്‍ പരാതിക്കാരെ സഹായിക്കാന്‍ ചെന്ന വ്യക്തിയെ പ്രതിയാക്കി ജയിലിലടച്ചാണ് പൊലീസ് സദാചാരക്കാരെ സംരക്ഷിച്ചത്. തന്റേയും സുഹൃത്തിന്റെയും ഫോട്ടോയെടുത്ത് അസഭ്യം പറഞ്ഞ ചുമട്ടുതൊഴിലാളിക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് പെണ്‍കുട്ടി സംസ്ഥാന പൊലീസ് മേധാവിക്കടക്കമുള്ളവര്‍ക്ക് കത്തെഴുതിയത്.
സഹായിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് കള്ള കേസെടുത്തെന്നും പരാതിയിലുണ്ട്. ആദ്യം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയെടുത്ത ചുമട്ടുതൊഴിലാളിയെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്‌റ്റേഷനിലേക്ക് ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയന്‍കാര്‍ എത്തിത്തുടങ്ങിയതോടെ പൊലീസുകാര്‍ തിരിഞ്ഞുവെന്നും ബികോം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിപറയാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂട്ടുചെന്ന മാധ്യമപ്രവര്‍ത്തകന്‍ പീയുഷിനെ പ്രതിയാക്കി ലോക്കപ്പിലടച്ചാണ് കരിനാഗപ്പള്ളി എസ്‌ഐ യൂണിയന്‍ നേതാക്കളുടെ താല്‍പര്യം സംരക്ഷിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പീയുഷിനെതിരെ പൊലീസ് എഴുതിയുണ്ടാക്കിയ പരാതിയില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
ഫെബ്രുവരി 20ന് കരിനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സംസാരിച്ചു നിന്ന ബികോം വിദ്യാര്‍ത്ഥിനിയുടേയും പ്ലസ്ടു വിദ്യാര്‍ത്ഥിയുടെയും ചിത്രങ്ങള്‍ ചുമട്ടുതൊഴിലാളിയായ ഒരാള്‍ പകര്‍ത്തി. സഹായത്തിന് ഓട്ടോ ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. മൊബൈലില്‍ ചിത്രമെടുത്തത് ചോദിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിയെ പിടിച്ച് തള്ളുകയും പെണ്‍കുട്ടിയെ അസഭ്യം പറയുകയും ചെയ്തു. കോളേജിലേക്ക് തന്നെയാണോ പോകുന്നതെന്ന് തുടങ്ങി അസഭ്യവര്‍ഷം നീണ്ടതോടെ സഹായത്തിനായി പ്ലസ്ടു വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകനായ സുഹൃത്തിനെ വിവരം അറിയിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകനായ പീയൂഷ് സ്ഥലത്തെത്തുകയും ഫോട്ടോയെടുത്ത ചുമട്ടുതൊഴിലാളിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. വീണ്ടും അസഭ്യം പറഞ്ഞതോടെ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും ഫോട്ടോയെടുത്ത വ്യക്തിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീടാണ് നാടകീയ സംഭവങ്ങളുണ്ടായതായി പെണ്‍കുട്ടി സംസ്ഥാന പൊലീസ് മേധാവിയടക്കം ഉന്നതതലത്തില്‍ പരാതി ഉന്നയിച്ചത്.
പരാതി പറയാന്‍ പൊലീസ് സ്‌റ്റേഷനില്‍ 4.45ന് എത്തിയ പെണ്‍കുട്ടിയെ 11 മണിവരെ സ്‌റ്റേഷനിലിരുത്തിയായിരുന്നു പൊലീസിന്റെ 'ട്വിസ്റ്റ്'. ഐഎന്‍ടിയുസി, ബിഎംഎസ് പാര്‍ട്ടി നേതാക്കള്‍ സ്‌റ്റേഷനിലേക്ക് എത്തിയതോടെ പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചുവരുത്തി ചുമട്ടുതൊഴിലാളിക്കെതിരെ പരാതിയുമായി നീങ്ങരുതെന്ന് പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞതോടെയാണ് പീയുഷിനെതിരെ കേസ് തിരിക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം.
സഹായിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും പരാതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. പറയാനുള്ളതെല്ലാം വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ക്യാമറക്ക് മുന്നില്‍ പറയുകയും ചെയ്തു. ഈ സംഭവത്തെ പെണ്‍കുട്ടിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്ന ചാര്‍ജാക്കി പൊലീസ് മാറ്റി. പിന്നീട് നടന്നതിനെ കുറിച്ച് പെണ്‍കുട്ടി ഡിജിപിക്ക് അയച്ച പരാതിയില്‍ പറയുന്നത് ഇങ്ങനെ.
ഇവന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തും. ഈ പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണം ഇവനാണെന്നും പറഞ്ഞു. ഒരു പരാതി തന്നാല്‍ ഞങ്ങള്‍ നോക്കിക്കോളാമെന്ന് പൊലീസ് പറഞ്ഞു. ഞങ്ങള്‍ക്ക് പീയുഷിനെതിരെ പരാതിയില്ലെന്നും ചോദിച്ചിട്ടാണ് പരാതി മൊബൈലില്‍ പകര്‍ത്തിയതെന്നും ഞങ്ങള്‍ പറഞ്ഞു. പിന്നെ അവര്‍ തന്നെ എഴുതിയ ഒരു പേപ്പറില്‍ അച്ഛനോട് ഒപ്പിടാന്‍ പറഞ്ഞു. ഞങ്ങളെ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചു കേള്‍പ്പിച്ചില്ല. രാത്രി 11 മണി ആയപ്പോള്‍ ആ പേപ്പറില്‍ ഒപ്പിട്ട് നല്‍കിയ ശേഷമാണ് വീട്ടില്‍ പോയത്. പക്ഷേ പിന്നീടാണ് പീയുഷിനെ ജയിലിലടച്ചെന്നും ചിത്രങ്ങളെടുത്തത് അദ്ദേഹമാണെന്ന നിലയില്‍ കേസെടുത്തെന്നും അറിഞ്ഞത്. ഇത് ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടാക്കി. എന്നെ സഹായിക്കാനെത്തിയ പീയുഷിനെ എന്തിനാണ് പൊലീസ് കുടുക്കിയതെന്ന് അറിയില്ല. അദ്ദേഹത്തിനെതിരെയുള്ള കേസ് ഒഴിവാക്കണം. കരുനാഗപ്പള്ളി പൊലീസിലുള്ള വിശ്വാസക്കുറവ് കൊണ്ടാണ് അങ്ങേക്ക് പരാതി നല്‍കുന്നത്. ഇതിന്റെ പേരില്‍ പൊലീസ് സ്‌റ്റേഷനും കോടതിയും കയറ്റിയിറക്കരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു.
പെണ്‍കുട്ടിയും പിതാവും സ്‌റ്റേഷനില്‍ നിന്ന് പോയതിന് ശേഷം ഫെബ്രുവരി 20ന് രാത്രിയില്‍ തന്നെ പൊലീസ് ലോക്കപ്പിലെട്ടെന്ന് മാധ്യമപ്രവര്‍ത്തകനായ പീയുഷ് പറയുന്നു. കരുനാഗപ്പള്ളി അഴീക്കലിലെ സദാചാര ഗുണ്ടായിസത്തിലടക്കം പൊലീസിനെതിരായി വാര്‍ത്ത നല്‍കിയതാണ് എസ്‌ഐ പി രാജേഷിന് തന്നോടുണ്ടായ വിരോധത്തിന് കാരണമെന്നും ഇത് മുതലെടുത്താണ് കേസില്‍ അകപ്പെടുത്തിയതെന്നും പീയുഷ് പറയുന്നു. ഒരു ദിവസം മുഴുവന്‍ ലോക്കപ്പിലിട്ട ശേഷം തന്നെ സഹായിക്കാനെത്തിയവരോട് ജാമ്യമില്ലാത്ത വകുപ്പിലാണ് കേസെന്നും കോടതിയില്‍ നിന്ന് ജാമ്യമെടുക്കാനും പറഞ്ഞി വിട്ടതായും പീയുഷ് പറയുന്നു.
പൊലീസിനെതിരെ വാര്‍ത്ത നല്‍കിയതാണ് എസ്‌ഐക്ക് വിരോധമുണ്ടാകാനുള്ള കാര്യം. ലോക്കപ്പിലടച്ച ശേഷം പൊലീസിന്റെ പവറെന്താണെന്ന് കാണിച്ചു തരാമെന്നും എസ്‌ഐ പി രാജേഷ് പറഞ്ഞു. പിന്നെ ഷര്‍ട്ടഴിപ്പിച്ച് ഒരു രാത്രിയും പകലും സ്‌റ്റേഷനിലിട്ടു. മൊബൈല്‍ ഫോണും പിടിച്ചുവെച്ചു. പിറ്റേ ദിവസം വൈകുന്നേരത്തോടെ വിമര്‍ശനങ്ങള്‍ പലവഴിക്കും ഉയര്‍ന്നതോടെ എസ്‌ഐ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. സഹായിക്കാനെത്തിയ ആളെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതോടെ പെണ്‍കുട്ടിയും വീട്ടുകാരും ഡിജിപി അടക്കം ഉന്നത കേന്ദ്രങ്ങളലേക്ക് പരാതി അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൊലീസിനെതിരെ നീങ്ങാന്‍ പേടിയുണ്ടെങ്കിലും സഹായവുമായി വന്നെത്തിയ ചെറുപ്പക്കാരനെ കുടുക്കിയതിലെ ദുംഖം താങ്ങാവുന്നതിലും അധികമായിരുന്നു. ഇതാണ് പരാതി കത്തെഴുതാന്‍ കാരണം. എന്ത് നടപടിയുണ്ടാവുമെന്ന് അറിയില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടിയുണ്ടാകുമോയെന്ന് പേടിയുണ്ട്. പരാതി കിട്ടിയതായി ഡിജിപി ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടുള്ളതായും കരുനാഗപ്പള്ളിയിലെ കുടുംബം പറയുന്നു. പേടികൂടാതെ ജീവിക്കാനും നീതി കിട്ടാനുമുള്ള അപേക്ഷയാണ് കത്തെന്നും അവര്‍ ആവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha























