നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനം, സുനിയുടെ കസ്റ്റഡി കാലവധി അഞ്ചുദിവസം കൂടിനീട്ടി

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനം. ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ പോലിസ് കസ്റ്റഡി കാലാവധി ആലുവ മജിസ്‌ട്രേറ്റ് കോടതി വീണ്ടും നീട്ടി നല്‍കി. അഞ്ചുദിവസം കൂടിയാണ് നീട്ടിയത്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് വേണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിക്കുന്ന രംഗം പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇനി ദൃശ്യങ്ങള്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണിലുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്.
അതേസമയം, സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മറ്റു മൊബൈലിലേക്ക് മാറ്റിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ കിട്ടി ഒരാഴ്ചയായിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പോലീസിന് കസ്റ്റഡി നീട്ടി കിട്ടിയിരിക്കുന്നത്.
ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കൂടുതല്‍ അന്വേഷണം വേണമെന്ന് പോലിസ് കോടതിയെ ധരിപ്പിച്ചിരുന്നു. കേസിലെ പ്രതികളായ നാല് പേരുടെ കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി വാങ്ങിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. തെളിവ് ശേഖരണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി കൂടി നീട്ടി കിട്ടിയത് പോലിസിന് അല്‍പ്പം ആശ്വാസമായിട്ടുണ്ട്. എന്നാല്‍ കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതാണ് പോലിസിന് തിരിച്ചടിയായിരിക്കുന്നത്.
നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലാണിപ്പോള്‍ പോലിസ്. കേസ് സുനിയിലും കൂട്ടാളികളിലും അവസാനിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പോലിസിന് കാര്യമായ തെളിവ് ശേഖരിക്കാന്‍ സാധിക്കാത്തതിനാലാണ് ഈ നീക്കം.
ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ മനപ്പൂര്‍വം നടത്തുന്ന നീക്കമാണിതെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായ പ്രതികള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും സാക്ഷികളുടെ മൊഴി ഒരുതവണ കൂടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























