വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഫോര്‍ സ്റ്റാര്‍ ബാര്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയിലെ തകര്‍ച്ചയ്ക്ക് വഴിവെക്കും!

സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ വീണ്ടും തുറക്കാനുള്ള സി.പി.എം. നീക്കം സര്‍ക്കാരിന് തന്നെ വഴിമുടക്കാകും. പുതിയ മദ്യനയത്തിന്റെ ഭാഗമായി 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. എല്‍.ഡി.എഫിലെ ചര്‍ച്ചയ്ക്കു ശേഷമാകും ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുക. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സി.പി.എം പറയുന്നു. ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും.
പുതിയനീക്കം വ്യവഹാരങ്ങള്‍ക്കും വിനോദസഞ്ചാരമേഖലയുടെ തകര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നാണു വിവരം.
ടൂറിസം മേഖലയില്‍ മാത്രം ഹോട്ടലുള്ള ഏതാനും കുത്തകകളുടെ താല്‍പ്പര്യമാണ് നിലവില്‍ ഉയര്‍ത്തുന്ന നയത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള അടിസ്ഥാനയോഗ്യതയും അതിനുള്ള നിര്‍വചനവുമെല്ലാം ചോദ്യം ചെയ്യപ്പെടും. വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുന്നത് മദ്യപിക്കാനല്ലെന്ന് വിവിധ കോടതികളില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ള സാഹചര്യത്തിലാണു നയം കുരുക്കാകുന്നത്.
തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മദ്യത്തിന്റെ കുറവുമൂലം വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. ബാറുകള്‍ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവില്‍പ്പന, കള്ളവാറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടൂറിസംവകുപ്പ് തയാറാക്കിയ മുപ്പത്തിയഞ്ചോളം വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളത്. പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നുമുണ്ട്. ദൈവത്തിന്റെ സ്വന്തംനാട് എന്ന നിലയില്‍ കാസര്‍ഗോഡ് മുതല്‍ കോവളം വരെ കേരളത്തില്‍ ടൂറിസം സാധ്യതയുണ്ട്. നിലവിലുള്ളവ വില്ലേജ്, താലൂക്ക്, ജില്ല, വാര്‍ഡ്, പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്ന കണക്കിലല്ല നിശ്ചയിച്ചിട്ടുള്ളത്. ഒരുപ്രദേശത്തിന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മലപ്പുറം ജില്ലയിലെ കോട്ടക്കുന്നും മൂന്നു കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗുരുവായൂരും അഞ്ചു കിലോമീറ്റര്‍ വിസ്തൃതിയുള്ള വൈത്തിരിയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പെടും.
ഇത്തരം കേന്ദ്രങ്ങളില്‍ മാത്രം മദ്യവ്യാപാരം അനുവദിക്കുന്നതോടെ മദ്യപര്‍ ഇവിടങ്ങളിലേക്ക് കൂടുതലായെത്തും. ഇതോടെ സംസ്ഥാനത്ത് 35 'മാഹി'പ്രദേശങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ആശങ്കയുണ്ട്. ഫലത്തില്‍ ടൂറിസ്റ്റുകള്‍ ഇവിടം കൈയൊഴിയുന്ന സ്ഥിതിയുണ്ടാവും.
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിക്കുന്നത് നിരവധി സാങ്കേതികപ്രശ്‌നങ്ങള്‍ ഉയര്‍ത്തും. പ്രദേശം എന്നതിന്റെ നിര്‍വചനമാവും അതില്‍ പ്രധാനം. ഇവിടങ്ങളില്‍ ഒരേ നിലവാരത്തില്‍ വരുന്ന പുതിയ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടിവരും. പുതിയ ഹോട്ടലുകളോട് വിവേചനം കാണിക്കാനാവില്ല.
https://www.facebook.com/Malayalivartha


























