പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം; പ്രതികരണവുമായി രശ്മി ആശുപത്രി അധികൃതര്‍ രംഗത്ത്

മലയാളിവാര്‍ത്തയുടെ 7-ാം തീയതിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേരാവൂര്‍ രശ്മി ആശുപത്രിക്ക് കൊട്ടിയൂര്‍ പീഡന കേസുമായുള്ള ബന്ധം സജീവചര്‍ച്ചയാകുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ കഥകളും ഉപകഥകളും കെട്ടുകഥകളുമായി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കത്തോലിക്കാ സഭ. വൈദികന്‍ ഉള്‍പ്പെട്ട കേസ് ആയതിനാലും കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം സഭയുടെ കീഴില്‍ വരുന്നതായതിനാലും പ്രസ്തുത സംഭവത്തിന് പിന്നില്‍ സഭാനേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നാണ് സഭയുടെ പരാതി.
പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആശുപത്രിയെ കടന്നാക്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും പേരാവൂരില്‍ തന്നെയുള്ള രശ്മി ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു എന്ന കാര്യം മനപൂര്‍വ്വം മൂടിവയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്‌തെന്നും സഭാ നേതൃത്വം ആരോപിക്കുന്നു. കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയില്‍വച്ചാണ് പെണ്‍കുട്ടിയുടെ പ്രസവം നടക്കുന്നത്. എന്നാല്‍ പേരാവൂരിലുള്ള രശ്മി ആശുപത്രിയിലാണ് പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയതെന്നും പ്രസവത്തിന് തൊട്ടുമുന്‍പാണ് ഇവര്‍ ക്രിസ്തുരാജയിലെത്തിയതെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
രശ്മി ഹോസ്പിറ്റലില്‍നിന്ന് കൊടുത്ത വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ് പെണ്‍കുട്ടിയും അമ്മയും ക്രിസ്തുരാജയിലേക്ക് വരുന്നത്. ആ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ പേര്, വയസ്സ് (18), റഫറന്‍സ് നമ്പര്‍, പരിശോധിച്ച ഡോക്ടറുടെ പേര് (ഡോ. കമല്‍ മൊന്തല്‍), തിയതി (07.02.2017), ആശുപത്രിയില്‍ അഡ്മിറ്റായ സമയം (06.10), രോഗം (വയറുവേദന), ഹോസ്പിറ്റലിന്റെ പേര് (രശ്മി), സ്ഥലം (പേരാവൂര്‍) എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് ക്രിസ്തുരാജ ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളിലും ചേര്‍ക്കപ്പെട്ടത്. ഈ രേഖകളാണ് പിന്നീട് പോലീസിനും കൈമാറിയത്. എന്നാല്‍ പുറത്തു വന്ന വാര്‍ത്തകളില്‍ ഒരിടത്തും രശ്മി ഹോസ്പിറ്റലില്‍ പെണ്‍കുട്ടി ചികിത്സ തേടിയ കാര്യം പറയുന്നില്ല. ഫാ. റോബിന്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജയിലെത്തിച്ചതെന്ന വാദം തകര്‍ക്കാന്‍ രശ്മി ആശുപത്രിയുടെ ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രം മതിയെന്ന് സഭാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിക്ക് വയറുവേദനയല്ലെന്നും പ്രസവവേദനയാണെന്നും മനസ്സിലാക്കി. ഉടനെ പെണ്‍കുട്ടിയെ ലേബര്‍ റൂമിലേക്ക് മാറ്റി, സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു. മാധ്യമങ്ങള്‍ ആരോപിക്കും പോലെ ഫാ. റോബിന്റെ ഒത്താശയോടെയായിരുന്നു ഇവര്‍ ക്രിസ്തുരാജ ആശുപത്രിയില്‍ എത്തിയതെങ്കില്‍ നിറവയറുമായി പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും രണ്ട് ആശുപത്രികള്‍ കയറിയിറങ്ങേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ രശ്മി ആശുപത്രിയുടെ കാര്യം ഒളിപ്പിച്ചു വച്ചു മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിട്ടത് എന്ത് ലക്ഷ്യത്തോട് കൂടിയാണെന്നാണ് സഭയുടെ ചോദ്യം.
മാത്രമല്ല, ഏതാനും മണിക്കൂറുകള്‍ക്കകം ഒരു കുഞ്ഞിന് ജന്മം നല്കാന്‍ മാത്രം പ്രസവവേദനയനുഭവിച്ചിരുന്ന ഒരു പെണ്‍കുട്ടിക്ക് വെറും വയറുവേദന മാത്രമാണെന്ന് റിപ്പോര്‍ട്ടിലെഴുതിയ രശ്മി ഹോസ്പിറ്റലിലെ ഡോക്ടറുടെ ഡിഗ്രി യഥാര്‍ത്ഥമാണോ എന്ന ചോദ്യവും സഭ ഉയര്‍ത്തുന്നു. ഫാ. റോബിനും ക്രിസ്തുരാജ ആശുപത്രി അധികൃതരും തമ്മില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് സംഭവത്തിലെ രശ്മി ആശുപത്രിയുടെ സാന്നിദ്ധ്യമെന്ന് സഭനേതൃത്വം ചൂണ്ടിക്കാട്ടുന്നു. കൊട്ടിയൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെല്ലാം കത്തോലിക്കാ സ്ഥാപനങ്ങളായതിനാല്‍ ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, ക്രിസ്തുരാജ ആശുപത്രി തലശ്ശേരി അതിരൂപതയുടേയും, കുഞ്ഞിനെ കൊണ്ടുപോയ വൈത്തിരിയിലെ ഫോണ്ട്‌ലിംഗ് ഹോം കോഴിക്കോട് ലത്തീന്‍ രൂപതയുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. മൂന്ന് രൂപതകളുടെയും ഉന്നതാധികാരികള്‍ വ്യത്യസ്തരായതിനാലും ഭരണസംവിധാനങ്ങളില്‍ സ്വാതന്ത്ര്യമുള്ളതിനാലും ഇവയെല്ലാം കൂടി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നകാര്യം സഭാ സംവിധാനങ്ങളെക്കുറിച്ച് അറിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് സഭ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
മൂന്നു സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടേതാണെന്ന് ആവര്‍ത്തിക്കുന്നവര്‍ കത്തോലിക്കാസഭയെന്ന വലിയ പരിപ്രേക്ഷ്യത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ആഗോള കത്തോലിക്കാസഭയോട് താരതമ്യപ്പെടുത്തുമ്‌ബോള്‍ ഭൂമിശാസ്ത്രപരമായി ചെറിയൊരു പ്രദേശമാണ് കേരളത്തിലെ അഞ്ച് ജില്ലകളിലായി കിടക്കുന്ന ഈ മൂന്നു രൂപതകള്‍. എങ്കിലും അവയുടെ ഭരണസംവിധാനങ്ങളും പ്രവര്‍ത്തനശൈലികളും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമാണ്. ഗൂഢാലോചന ആരോപിക്കുമ്‌ബോഴും വെറും ആരോപണങ്ങള്‍ മാത്രമല്ലാതെ യാതൊരുവിധ തെളിവുകളും അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ഗൂഢാലോചന എന്ന കള്ളക്കഥയില്‍ നിന്നും പിന്മാറി യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സഭ ആവശ്യപ്പെടുന്നു.
രശ്മി ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്
ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ വയറുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയതെന്ന് രശ്മി ആശുപത്രി എംഡി ഡോ.വി രാമചന്ദ്രന്‍ പ്രതികരിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് രാവിലെ ഒപിയിലുണ്ടായിരുന്നത്. വയറുവേദനയ്ക്ക് ഡോക്ടര്‍ കുത്തിവെപ്പെടുത്തു. പ്രസവ വേദനയാണെന്ന് ഡ്യൂട്ടി ഡോക്ടര്‍ക്ക് മനസിലായിരുന്നില്ല. ഒരു മണിക്കൂറിന് ശേഷവും വേദന ശമിക്കാത്തതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഡോക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























