കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി ഗര്‍ഭിണിയായി അഭിനയിച്ചു, കുട്ടി ജനിച്ചതിന് ഭര്‍ത്താവ് വീട്ടില്‍ പാര്‍ട്ടിയും നടത്തി

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്നില്‍ പൂര്‍ണഗര്‍ഭിണിയാണെന്ന് അഭിനയിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതി റാന്നി വെച്ചൂച്ചിറ പുത്തന്‍പുരയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ ബീനയെ ഇന്നലെ റാന്നി കോടതി റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 11.30 നാണ് പ്രസവ വാര്‍ഡില്‍ നിന്ന് പത്തനാട് പനയ്ക്കപ്പതാലില്‍ പാസ്റ്റര്‍ സജി ചാക്കോയുടെയും റാന്നി ചെല്ലക്കാട് മഠത്തുംപടി കാവുംമൂലയില്‍ അനിതയുടെയും നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബീന തട്ടിക്കൊണ്ടുപോയത്.
2007ല്‍ കൊല്ലം സ്വദേശിയെ വിവാഹം കഴിച്ച ബീന അയാളുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് അനീഷിനൊപ്പം താമസിച്ചുവന്നത്. രണ്ട് തവണ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് ബീന മനപ്രയാസത്തിലായിരുന്നു. കുട്ടികള്‍ ഇല്ലാത്തതിനെച്ചൊല്ലി അനീഷും ബീനയും തമ്മില്‍ വഴക്കും പതിവായിരുന്നു. അതിനാല്‍ രണ്ടാമത് ഗര്‍ഭം അലസിയ വിവരം ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ല. പ്രസവത്തിനുമുമ്പ് തന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വള്ളിക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടുകാരുമായി ബീന രമ്യതയിലല്ലായിരുന്നു. പ്രസവത്തിന് ആശുപത്രിയില്‍ പോകുംമുമ്പ് വന്നതാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരെ കൂട്ടാതെ മാര്‍ച്ച് ഏഴിന് ജില്ലാ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.
മാര്‍ച്ച് എട്ടിനും ഇവര്‍ ആശുപത്രിയില്‍ വന്നിരുന്നു. കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചു. ഒരു സ്ത്രീയുടെ ഇരട്ടക്കുട്ടികളെ ലക്ഷ്യമിട്ടെങ്കിലും അത് സാധിച്ചില്ല. പിന്നീടാണ് സജിയുടെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. സജിയുമായി സൗഹൃദം സ്ഥാപിച്ച് കുഞ്ഞുമായി കടന്ന ബീന ഓട്ടോറിക്ഷയില്‍ തെക്കേമലയില്‍ എത്തി. അവിടെ നിന്ന് കെ. എസ്. ആര്‍. ടി. സി ബസിലാണ് പത്തനംതിട്ടയില്‍ വന്നത്. ഓട്ടോപിടിച്ച് കുലശേഖരപ്പേട്ടയിലെ കുഞ്ഞമ്മയുടെ വീട്ടില്‍ എത്തി. രാത്രിയില്‍ അനീഷ് കാറുമായി അവിടെ വന്ന് ബീനയെയും കുഞ്ഞിനെയും വെച്ചുച്ചിറയ്ക്ക് കൊണ്ടുപോയി.
കുട്ടിയുണ്ടായതിന് വീട്ടില്‍ പാര്‍ട്ടിയും നടത്തി. ആശുപത്രി സി. സി. ടി. വി. ക്യാമറയില്‍ ബീന ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങളുണ്ടായിരുന്നു . ആ സമയം ആശുപത്രിഭാഗത്തെ മൊബൈല്‍ ടവറിലൂടെ പോയ വിളികള്‍ ശേഖരിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. വാര്‍ത്തകള്‍ കണ്ട് സംശയം തോന്നിയ വെച്ചൂച്ചിറയിലെ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ബീനയെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും..
https://www.facebook.com/Malayalivartha


























