മുട്ട് മടക്കി മുത്തൂറ്റ്

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 13 മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ശനിയാഴ്ച ആലുവ പാലസില്‍ ജോയിന്റ് ലേബര്‍ കമീഷണര്‍, അഡീഷണല്‍ ലേബര്‍ കമീഷണര്‍, റീജണല്‍ ലേബര്‍ കമീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. നവംബറില്‍ നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഉടന്‍ നടപ്പാക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. പ്രതികാരനടപടികള്‍ പിന്‍വലിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്‌ളോയീസ് യൂണിയനാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
സ്ഥലംമാറ്റത്തിലെ അപാകം പുനഃപരിശോധിച്ച് മാര്‍ച്ച് 31നുമുമ്പ് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് ജീവനക്കാരെ മാറ്റുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. പണിമുടക്കിനെത്തുടര്‍ന്ന് പിരിച്ചുവിട്ട രണ്ടുപേര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പില്‍ നിയമനം നല്‍കും. മികച്ച ബിസിനസ് നടത്തിയതിനുള്ള വിദേശയാത്ര നിഷേധിച്ചവര്‍ക്ക് തത്തുല്യമായ തുക ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. ഇന്‍ഷുറന്‍സ് ഇന്‍സന്റീവും ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. ഇഎസ്ഒപി നിഷേധിച്ചവരുടെ കാര്യത്തില്‍ അടുത്ത ബോര്‍ഡില്‍ തീരുമാനമെടുക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. ഈ തീരുമാനങ്ങളുടെ അവലോകനം മെയ് ആദ്യവാരം ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടത്താനും തീരുമാനമായി.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറായത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പൊലീസ്സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും കേന്ദ്രസേനയെ വിട്ടുതരണമെന്നും മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചു.
യൂണിയന്‍ പ്രതിനിധികളായി സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്‌ളോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എ സിയാവുദ്ദീന്‍, ജനറല്‍ സെക്രട്ടറി സി സി രതീഷ്, സെക്രട്ടറി നിഷ കെ ജയന്‍, വൈസ് പ്രസിഡന്റ് പ്രമോദ്, ട്രഷറര്‍ ശരത്, മായ എസ് നായര്‍, സജീവ് എന്നിവരും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സി വി ജോണ്‍, ജോണ്‍ വി ജോര്‍ജ്, ശ്രീകാന്ത്, ലിജോ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കരാറും ചര്‍ച്ചകളുടെ വിവരങ്ങളും വിശദീകരിക്കാന്‍ യൂണിയന്റെ സംസ്ഥാന കമ്മിറ്റിയോഗം ഞായറാഴ്ച രാവിലെ 9.30ന് സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുമെന്ന് സെക്രട്ടറി നിഷ കെ ജയന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























