ലോറിയിൽനിന്നു തള്ളിനിന്ന തടിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു

എംസി റോഡിൽ നിർത്തിയിരുന്ന ലോറിയിൽ നിന്നു പിന്നിലേക്കു തള്ളി നിന്ന തടിയിൽ കാറിടിച്ചു കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർ മരിച്ചു. ഇന്നലെ പുലർച്ചെ 1.45ന് അങ്കമാലി–കാലടി റൂട്ടിൽ വിശ്വജ്യോതി സ്കൂളിനു സമീപം നായരങ്ങാടി സ്റ്റോപ്പിലാണ് അപകടം. കല്ലൂർക്കാട് നിന്നു ചാലക്കുടിക്കു പോകുകയായിരുന്നു ലോറി.
ഉഴവൂർ ചെത്തിമറ്റം കാനാട്ട് കെ.ജി. സുനിൽകുമാർ (46), ബന്ധു മൂവാറ്റുപുഴ ആനിക്കാട് വിജയാഭവനിൽ പി.എച്ച്. മനോജ്കുമാർ (49) എന്നിവരാണ് മരിച്ചത്. ഉഴവൂരിൽ നിന്നു കണ്ണൂരിലേക്കു കാറിൽ പോകുകയായിരുന്നു ഇരുവരും

എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോൾ കാർ വെട്ടിച്ചതിനെ തുടർന്നാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. ലോറിയുടെ പ്ലാറ്റ്ഫോം കഴിഞ്ഞ് അഞ്ചു മീറ്ററിലേറെ പുറത്തേക്കു തള്ളി നിന്ന തടി, ചില്ലു തകർത്തു കാറിനുള്ളിലേക്കു ഇടിച്ചു കയറിയാണ് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്. രണ്ടു വലിയ തടികളാണ് പുറത്തേക്കു നീണ്ടു നിന്നിരുന്നത്. കാർ ഡ്രൈവർ അനിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാർ ഉടമ സുനിൽ മുന്നിലെ സീറ്റിലും മനോജ് പിന്നിലുമാണ് ഇരുന്നിരുന്നത്. കാർ ഡ്രൈവറും നാട്ടുകാരും ചേർന്നു സുനിൽകുമാറിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിൽ കുടുങ്ങിയ മനോജിനെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഡെൽറ്റാ സിസ്റ്റംസ് എന്ന പേരിൽ പാർക്കുകളിലും മറ്റും ഉപയോഗിക്കുന്ന റൈഡറുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമിക്കുന്ന സ്ഥാപനം ഉഴവൂരിനു സമീപം ചെത്തിമറ്റത്തു നടത്തുകയാണ് സുനിൽ.

ചിത്രകാരനാണു മനോജ്. ബിസിനസ് ആവശ്യത്തിനായാണു സുനിലും മനോജും കണ്ണൂരിലേക്കു പോയത്.സുനിലിന്റെ സംസ്കാരം ഇന്നു രണ്ടിനു ചെത്തിമറ്റത്തെ വീട്ടുവളപ്പിൽ. ഭാര്യ വൈക്കം നന്ദിയാട് മേടയിൽ വാണി. മക്കൾ: ദേവു (രാമപുരം മാർ അഗസ്ത്യനോസ് കോളജ് വിദ്യാർഥി), അച്യുത് (ഇലഞ്ഞി സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് വിദ്യാർഥി). സുനിലിന്റെ മാതൃസഹോദരിയുടെ മകനാണ് മനോജ്. മനോജിന്റെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ധന്യ. മക്കൾ: അഭിഷേക്, അഭിജിത്.
https://www.facebook.com/Malayalivartha


























