'പ്രമുഖ'യല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെ?

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ. പെണ്‍കുട്ടി 'പ്രമുഖ'യല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ശബ്ദമുയരുന്നു.
സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ അസ്വാഭാവികത അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് നടന്‍ നിവിന്‍ പോളിയും ഐക്യദാര്‍ഡ്യം അറിയിച്ചു. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് മിഷേലിന്റെ വിയോഗത്തിലൂടെ തകര്‍ന്നത്. കുടുംബം അന്വേഷണം ആവശ്യപ്പെടുന്നു. നീതിയ്ക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തുണക്കണം. നമ്മുടെ ചെറിയ ശബ്ദങ്ങള്‍ മാറ്റങ്ങളുടെ വലിയൊരു ലോകം സൃഷ്ടിച്ചേക്കാം. അധികാരികളേ ഉണരുക. ദൈവത്തിന്റെ മക്കളൊന്നും ഇങ്ങനെ വ്യര്‍ത്ഥമായി മരിച്ചു പോകരുത്' നിവിന്‍ പറയുന്നു. ജൂഡ് ആന്റണി, ടൊവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും മിഷേലിന് നീതിയാവശ്യപ്പെട്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
മാര്‍ച്ച് ആറിന് വൈകീട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്.
https://www.facebook.com/Malayalivartha


























