ആസ്വദിച്ച് കഴിച്ച മസാല ദോശയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ കുടുങ്ങിയത് ഇരുമ്പു കഷണം; സംഭവം മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫീഹൗസില്‍

മസാല ദോശയില്‍ ഇരുമ്പ് കഷണം. തൊണ്ടയില്‍ കുടുങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി കുഴഞ്ഞു വീണു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് ഇരുമ്പു കഷണം പുറത്തെടുത്തു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്ത്യന്‍ കോഫി ഹൗസിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് സംഭവം. എടമുട്ടം സ്വദേശി അറുമുഖന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീഹരിയുടെ ശ്വാസനാളത്തിലാണ് ഇരുമ്പുകഷണം കുടുങ്ങിയത്. കോഫി ഹൗസില്‍ നിന്നും മസാലദോശ വാങ്ങികഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അസ്വസ്ഥത അനുഭവപ്പെടുകയും ആയിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ട വിദ്യാര്‍ഥിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. സ്‌കാന്‍, എക്‌സ്‌റേ എന്നിവയ്ക്കുശേഷം ഡോ. സജി സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ എന്‍ഡോസ്‌കോപ്പി പരിശോധന വഴി വായില്‍കൂടി കുഴല്‍ ഇറക്കി ഇരുമ്പുകഷണം പുറത്തെടുക്കുകയായിരുന്നു .വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ വല്ല്യമ്മ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ പരിചരിക്കുവാനാണ് വിദ്യാര്‍ഥി ആശുപത്രിയില്‍ എത്തിയത്. വിദ്യാര്‍ഥിയുടെ പിതാവ് ഇതിനെ സംബന്ധിച്ച് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്.ഐ. സേതുമാധവന്റെ നേതൃത്വത്തില്‍ പോലീസ് കോഫി ഹൗസില്‍ പരിശോധന നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























