അടുത്ത സര്‍ജിക്കല്‍ അറ്റാക്ക് കേരളത്തില്‍... കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയുന്നു; കുമ്മനത്തിനെ അല്ലെങ്കില്‍ സുരേഷ് ഗോപിയെ മന്ത്രിയാക്കി കേരളത്തെ സജീവമാക്കാന്‍ മോഡിയുടെ നീക്കം

അടുത്ത സര്‍ജിക്കല്‍ അറ്റാക്ക് കേരളത്തിലാണ് മോഡി നടത്തുന്നത്. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതോടെ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിക്കു കളമൊരുങ്ങുകയാണ്. ഇതോടെ ഒരു മന്ത്രി സ്ഥാനം നല്‍കി കേരളത്തെ സജീവമാക്കാന്‍ മോഡി നീക്കം തുടങ്ങിക്കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി, എന്നിവരാണു മന്ത്രിസഭാ പ്രവേശനത്തില്‍ സജീവമായുള്ളത്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ പ്രതിരോധ മന്ത്രാലയത്തിലേക്കു മാറ്റുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഊര്‍ജ സഹമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പീയുഷ് ഗോയലിനു കേന്ദ്ര ധനമന്ത്രി സ്ഥാനത്തേക്കു കയറ്റവും ലഭിച്ചേക്കാം. കറന്‍സി അസാധുവാക്കല്‍ നടപടികള്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകാത്ത തരത്തില്‍ നടപ്പാക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു കഴിഞ്ഞില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയാകുന്നതിനു മുന്‍പ് അരുണ്‍ ജയ്റ്റ്‌ലിയാണു പ്രതിരോധ മന്ത്രാലയത്തിന്റെയും ചുമതല വഹിച്ചിരുന്നത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചേക്കും. അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ ഭാരവാഹി പുനഃസംഘടന നടത്തിയിരുന്നില്ല.
ദേശീയ ഭാരവാഹി നിരയില്‍ കേരളത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ബിജെപി ദേശീയ ആസ്ഥാനത്തു ചുമതലകള്‍ വഹിക്കുന്ന അരവിന്ദ് മേനോന്‍, ആര്‍. ബാലശങ്കര്‍ എന്നിവര്‍ക്കാണു ദേശീയ ഭാരവാഹിത്വ സാധ്യതകള്‍.
കേരളത്തിലെ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പദവികളില്‍ നിയമനത്തിനും സാധ്യത തെളിയുന്നുണ്ട്. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു, ജെആര്‍എസ് നേതാവ് സി.കെ. ജാനു തുടങ്ങിയവരെയാണു പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























