തന്റെ പാട്ടുകള്‍ പാടരുതെന്ന് മുന്നറിയിപ്പുനല്‍കി എസ്പിബിക്കും ചിത്രയ്ക്കും വക്കീല്‍ നോട്ടീസയച്ച് ഇളയരാജ; ഇതെന്ത് നിയമമെന്ന് സോഷ്യല്‍മീഡിയ

തന്റെ പാട്ടുകള്‍ തോന്നിയപോലെ പാടാനാകില്ല.താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അനുവാദം കൂടാതെ വേദികളില്‍ ആലപിക്കരുതെന്ന് കാണിച്ച് സംഗീത സംവിധായകന്‍ ഇളയരാജ എസ്പിബിക്കും കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചു. പകര്‍പ്പവകാശ ലംഘനമാണ് അനുവാദമില്ലാതെയുള്ള ഗാനാലാപനമെന്നും ഇത് ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്നും ഇളയരാജ മുന്നറിയിപ്പുനല്‍കി. ഫെയ്‌സ്ബുക്കിലൂടെ എസ്പിബി തന്നെയാണ് ഇക്കാര്യം എല്ലാവരേയും അറിയിച്ചത്.
എസ്പിബി മകനോടൊപ്പം എസ്പിബി50 എന്ന സംഗീത മേളയുമായി ലോക സഞ്ചാരത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തിനും മകനും ഗായിക കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടിസ് ലഭിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ പരിപാടി അവചരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ അമേരിക്കയില്‍ പരിപാടി തുടങ്ങിയപ്പോഴാണ് ഇളയരാജ ഇത്തരത്തില്‍ നീങ്ങുന്നത്.
പകര്‍പ്പവകാശമെന്നൊന്നുണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. പക്ഷേ നിയമം അനുസരിക്കും. ഈ സാഹചര്യത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ ആലപിക്കാന്‍ എനിക്ക് കഴിയില്ല. ദൈവം സഹായിച്ച് മറ്റ് സംഗീത സംവിധായകരുടെ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. ആ ഗാനങ്ങള്‍ ഞാനാലപിക്കും” എസ്പിബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ഇളയരാജയുടെ ഇത്തരം വാദം തന്നെ അസംബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ എസ്ബിബി ആരാധകര്‍ ആരോപിക്കുന്നത്. ഒരു ഗാനം രൂപപ്പെടണമെങ്കില്‍ നിരവധിയാളുകളുടെ പ്രയത്‌നം ആവശ്യമാണ്. അതില്‍ സംഗീത സംവിധായകനുമാത്രമായി റോളില്ല. അപ്പോള്‍ പകര്‍പ്പവകാശം തനിച്ച് അവകാശപ്പെടുന്നതെങ്ങനെ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ നിര്‍മാതാവാണ് ഏറ്റവും പ്രധാനപ്പെട്ടയാള്‍. അതിനാല്‍ത്തന്നെ പാട്ടുകളുടെ അവകാശവും നിര്‍മാതാവിനാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. നേരത്തേയും ഗായകര്‍ തന്റെ പാട്ടുകള്‍ അനുവാദം ചോദിക്കാതെ ആലപിക്കുന്നതിനെതിരെ ഇളയരാജ രംഗത്തുവന്നിരുന്നു
https://www.facebook.com/Malayalivartha


























