പാലില്‍ ഗുണനിലവാരമില്ലായ്മ കണ്ടിട്ടും നടപടിയെടുക്കാതെ അധികാരികള്‍

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കവര്‍ പാല്‍ ബ്രാന്‍ഡുകളില്‍ വലിയൊരു പങ്ക് ഗുണനിലവാരമില്ലാത്തതെന്നു ക്ഷീരവികസന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ ക്ഷീരവികസനവകുപ്പോ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഗുണനിലവാരമില്ലാത്ത പാല്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടിയുമില്ല. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനും ഈ വര്‍ഷം ഫെബ്രുവരി 18നും മധ്യേ സ്‌റ്റേറ്റ് ഡെയറി ലാബില്‍ 85 പാല്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 27 എണ്ണവും പരാജയപ്പെട്ടു. മൂന്നിലൊന്നിന് ഗുണനിലവാരമില്ലെന്നു ചുരുക്കം.
അതിനുമുമ്പ്, 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ക്ഷീരവികസനവകുപ്പിന്റെ സ്‌റ്റേറ്റ് ഡെയറി ലാബില്‍ പരിശോധനയ്‌ക്കെടുത്തത് 135 പാല്‍ സാമ്പിളുകളാണ്. അതില്‍ ഗുണനിലവാരമില്ലെന്നു തെളിഞ്ഞത് 54 എണ്ണം തമിഴ്‌നാട്ടില്‍നിന്നുള്ള അരഡസനിലേറെ ബ്രാന്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാലും ഗുണനിലവാരമില്ലെന്നു കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ ഒന്നിലേറെ തവണ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് 14 ബ്രാന്‍ഡുകളാണ്. ഗോപിക, ശക്തി, പി.ഡി.ഡി.പി, മലനാട്, വാഗമണ്‍, മില്‍കൊ, എ. വണ്‍, ഒംഗോ, കൗമ, അമൃത, ക്ഷീര, അമ്പാടി, ജീവ, ഹിമ എന്നിവയാണവ.
2011ല്‍ നിലവില്‍ വന്ന കേന്ദ്രനിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് പാലിന്റെ ഗുണനിലവാരം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിനാണ് ആ ചുമതല. പാലിനു ഗുണനിലവാരമില്ലെന്ന പരിശോധനാഫലം ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിനെ അറിയിച്ചാല്‍ അവര്‍ക്ക് നടപടിയെടുക്കാം. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കാന്‍ ക്ഷീരവികസനവകുപ്പോ കാര്യത്തിന്റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പോ തയാറല്ല.
പാലില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് കഴിഞ്ഞ വര്‍ഷം നടപടി എടുത്തിരുന്നു. എന്നാല്‍, അതൊന്നും മായം ചേര്‍ക്കലുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമാകുന്നില്ല എന്നാണു ക്ഷീരവികസനവകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. അമിതലാഭം ലക്ഷ്യമിട്ട് പാലില്‍ മായം കലര്‍ത്തുന്നവര്‍ ഒരു പരുക്കുമില്ലാതെ പിന്നെയും മായം ചേര്‍ക്കല്‍ അതേപടിയോ കുറേക്കൂടി ശക്തമായോ തുടരുന്നു.
പാലിലെ ഗുണനിലവാരമില്ലായ്മയ്‌ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം നേരത്തേ ക്ഷീരവികസന വകുപ്പിനായിരുന്നു. ആ അധികാരം തിരിച്ചുവേണമെന്നാണ് ക്ഷീരവികസനവകുപ്പിന്റെ ആവശ്യം. എന്നാല്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന് ആവശ്യമായ സൗകര്യങ്ങളുള്ളതിനാല്‍ അതിന്റെ ആവശ്യമില്ലെന്ന് ആ വകുപ്പധികൃതര്‍ പറയുന്നു. ഈ തര്‍ക്കത്തിനിടയില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. കേരളത്തില്‍ വിതരണം ചെയ്യുന്ന പാലിലെ മായം ചേര്‍ക്കല്‍ പെരുകുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha


























