പാറമ്പുഴ കൂട്ടക്കൊല കേസ്; പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ, കൂടാതെ ഇരട്ട ജീവപര്യന്തവും 7 വര്‍ഷം തടവും

പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വധശിക്ഷയ്ക്കു പുറമെ ഇരട്ട ജീവപര്യന്തവും 7 വര്‍ഷം തടവും.
പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് ശാന്തകുമാരിയാണ് ശിക്ഷ വിധിച്ചത്. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2015 മേയ് 16ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനു വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.
മൂവരെയും വീടിനോടു ചേര്‍ന്നുള്ള െ്രെഡ ക്ലീനിങ് സ്ഥാപനത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ജയ്‌സിങ് എന്ന വ്യാജപേരില്‍ ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍നിന്നു പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യലഹരിയില്‍ ഡ്രൈക്ലീനിങ് സെന്ററിനുള്ളില്‍ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് അടിച്ചു. രക്തം വാര്‍ന്നു കിടന്ന പ്രവീണിനെ വലിച്ചിഴച്ചു ഡ്രൈക്ലീനിങ് സെന്ററിന്റെ ഹാളിലെത്തിച്ചു കോടാലി ഉപയോഗിച്ചു വെട്ടുകയും കഴുത്തറക്കുകയും ചെയ്തു. അലക്കാന്‍ ഏല്‍പ്പിച്ചിരുന്ന വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയില്‍നിന്നു പ്രവീണിന്റെ മൊബൈല്‍ ഫോണില്‍ വിളിയെത്തി. ഇതിനു മറുപടി പറയാനെന്ന പേരില്‍ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂര്‍വം ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ എത്തിച്ചു. രണ്ടുപേരെയും പിന്നില്‍നിന്നു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തറത്തു. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളുമായി നടന്നു നീങ്ങുന്നതിനിടെ പ്രവീണിന്റെ ശരീരത്തില്‍ നേരിയ അനക്കം കണ്ട്. കോടാലിയുമായി വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പാക്കാന്‍ വൈദ്യുതാഘാതം ഏല്‍പിക്കുകയും ചെയ്തു.
ഡ്രൈക്ലീനിങ് സ്ഥാപനത്തിനുള്ളില്‍ അരമണിക്കൂറോളം പതുങ്ങിയിരുന്ന പ്രതി, ഇതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ കയറി പുലര്‍ച്ചെ നാലുമണിയോടെ റയില്‍വേ സ്‌റ്റേഷനിലെത്തി. തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തി. ജയന്തിജനതയില്‍ കയറി മുംബൈ, ഗോവ വഴി ഉത്തര്‍പ്രദേശിലേക്കു രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha