പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി നടപ്പാക്കണം; ഇടതുസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി

നിലവിലെ മദ്യനയത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന ഇടതുമുന്നണി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി രംഗത്ത്. മദ്യം യഥേഷ്ടം നല്‍കാതെ സമൂഹത്തിലെ മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് ഭരണത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് മദ്യവിരുദ്ധ സമിതി ചെയര്‍മാനും ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മദ്യനിയന്ത്രണങ്ങളില്‍ നിന്ന് പിന്നോട്ടുപോകാനുള്ള തീരുമാനം സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കും. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ട മദ്യനയം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് മാറ്റിവച്ചത് ആശങ്കാജനകമാണ്. നിലവിലുള്ള മദ്യനയം ശക്തമായി നടപ്പാക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.
പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അറച്ചുനില്‍ക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിന് പകരം മാറ്റി സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിവിധി അങ്ങനെ ആവശ്യപ്പെടുന്നില്ല. മദ്യമുതലാളിമാര്‍ക്ക് വേണ്ടിവാദിച്ച അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയതില്‍ ഒരു ധാര്‍മികതയുമില്ല. അദ്ദേഹം നല്‍കിയ നിയമോപദേശം കോടതിയലക്ഷ്യമാണ് കാണേണ്ടത്.
സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഘട്ടത്തില്‍ മദ്യവര്‍ജനമെന്ന വാഗ്ദാനം പാലിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ബിയര്‍,വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും മദ്യവില്‍പനശാലകളുടെ പരിധിയില്‍ വരില്ലെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന ആശ്ചര്യത്തോടെയാണ് കണ്ടത്. ഈ പ്രസ്താവന മദ്യലോബികളെയാണോ ജനങ്ങളെയാണോ രക്ഷിക്കുകയെന്ന് വ്യക്തമാക്കണം.
ടൂറിസത്തിന്റെ പേര് പറഞ്ഞ് മദ്യമൊഴുക്കാനുള്ള നീക്കം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും സൂസപാക്യം പറഞ്ഞു.
https://www.facebook.com/Malayalivartha
























